ആലപ്പുഴ: എന്നുവരുമെന്ന് ആർക്കുമറിയാതെ, പേരിൽ മാത്രമൊതുങ്ങി സൂപ്പർ സ്പെഷ്യാലിറ്റി പഞ്ചകർമ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച്സെന്റർ. പദ്ധതി തൂണുകളിലൊതുങ്ങിയിരിക്കുകയാണ്.

ആശുപത്രിയുടെ നിർമാണം നിലച്ചിട്ട് ഒൻപതുകൊല്ലം പിന്നിട്ടു. നാലുതൂണുകൾക്ക് ബലക്ഷയം സംഭവിച്ചതോടെയാണ് നിർമാണം നിലച്ചത്. വർഷങ്ങൾ പിന്നിടുമ്പോൾ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നു യാതൊരുവിധ ഇടപെടലുകളും ഉണ്ടാകുന്നില്ല.

കേന്ദ്രസർക്കാർ സഹായത്തോടെ നിർമിക്കുന്ന ഉന്നതനിലവാരമുള്ള ആശുപത്രിയാണ് ആർക്കും ഗുണമില്ലാതെ പാഴായിപ്പോയത്.

ആയുഷ് മന്ത്രാലയത്തിന്റെ സഹായത്തോടെ അഞ്ചുകോടി ചെലവിട്ട് ആശുപത്രി നിർമിക്കുകയായിരുന്നു ലക്ഷ്യം. ആരോഗ്യരംഗത്ത് മികവിന്റെ കേന്ദ്രങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള കേന്ദ്രപദ്ധതി അനുസരിച്ചായിരുന്നു സൂപ്പർ സ്പെഷ്യാലിറ്റി പഞ്ചകർമ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ അനുവദിച്ചത്. 2010-ൽ കെ.സി. വേണുഗോപാൽ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് നൽകിയ നിവേദനത്തെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ആയുഷ് മന്ത്രാലയം, പഞ്ചകർമ ആശുപത്രിയുടെ പുതിയകെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്.

.60 ഏക്കർ കൈമാറി

ആലപ്പുഴ നഗരസഭയുടെ ഇരവുകാട് വാർഡിൽ വലിയചുടുകാടിനു സമീപം ഒരേക്കർ 60 സെന്റ് സ്ഥലം ആശുപത്രി നിർമിക്കുന്നതിനായി കൈമാറിയിരുന്നു. ഇതിനായി ആദ്യഗഡുവായി രണ്ടുകോടി നൽകി. 2012-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കെട്ടിടത്തിന് തറക്കല്ലിട്ടു. 2015-ന് ജനുവരി 27-ന് കെട്ടിടനിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തത്. ആദ്യഗഡുവായി ലഭിച്ച രണ്ടുകോടികൊണ്ട് പൈലിങ്‌ അടക്കം 159 തൂണുകളുടെയും കെട്ടിടത്തിന്റെ അടിത്തറയും സ്ലാബുകളുടെ നിർമാണവും പൂർത്തിയായിരുന്നു. കെട്ടിടത്തിൽ അപാകമുണ്ടെന്ന പരാതി ഉയർന്നതിനെത്തുടർന്ന് ബി.എസ്.എൻ.എൽ. എൻജിനിയറിങ്‌ വിഭാഗം പരിശോധന നടത്തുകയും നാലുതൂണുകൾക്ക് അപാകമുണ്ടെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

ആശുപത്രിയുടെ വികസനത്തിനായി ആലപ്പുഴ ആയുർവേദ പഞ്ചകർമ ഹോസ്‌പിറ്റൽ സൊസൈറ്റി എന്നപേരിൽ സൊസൈറ്റി രൂപവത്കരിച്ചിരുന്നു. ആരോഗ്യമന്ത്രിയാണ് സൊസൈറ്റി അധ്യക്ഷ.

ഗവ. ആയുർവേദ പഞ്ചകർമ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയായി മാറ്റുന്നതിന്‌ മുടങ്ങിക്കിടന്ന നിർമാണങ്ങൾ പൂർത്തിയാക്കുന്നതിനായി 2018-ൽ 5.35 കോടിയുടെ പുനർഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു. എല്ലാ അപാകവും പരിഹരിച്ച് വീണ്ടും നിർമാണം തുടങ്ങാനാണ് അനുമതിനൽകിയത്.

നിർമാണത്തിൽ അപാകം

അന്നത്തെ മന്ത്രി ജി. സുധാകരന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഗവ. എൻജിനിയറിങ്‌ കോളേജിൽനിന്നുള്ള അധ്യാപകരുടെ നേതൃത്വത്തിൽ നിർമാണം പരിശോധിക്കുകയും സാംപിൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽ കെട്ടിടത്തിന് അപാകം കണ്ടെത്തിയിരുന്നു. കരാർ കമ്പനിയെക്കൊണ്ട് അവരുടെ ചെലവിൽ ബലക്ഷയങ്ങൾ പരിഹരിക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു.

പണി മുടങ്ങിയത്

മൂന്നുനിലക്കെട്ടിടത്തിന് അഞ്ചുകോടി രൂപയാണ് അനുവദിച്ചത്

പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയുടെ തൂണുകൾ ഇളകുന്നതായും നിർമാണത്തിൽ അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നു

ആശുപത്രി ഇങ്ങനെ

മൂന്നുനിലക്കെട്ടിടം

150 രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രി

എ.സി. പേ-വാർഡ്

ചികിത്സകൂടാതെ പഞ്ചകർമ പരിശീലനം- പ്രതിവർഷം 45 യുവതീ-യുവാക്കൾക്ക് പഞ്ചകർമ പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം

ആയുർവേദ- സിദ്ധമേഖലകളിൽ ഗവേഷണപദ്ധതികൾ‌

ആയുർവേദ ഡോക്ടർമാർക്ക് ഇൻസർവീസ് കോഴ്സുകൾ

എം.ഡി. വിദ്യാർഥികൾക്ക് പരിശീലനം

നിലവിലെ ആശുപത്രി ദുരിതത്തിൽ

നിലവിലെ ജില്ലാ പഞ്ചകർമ ആശുപത്രി ഏറെ ദുരിതത്തിലാണ് പ്രവർത്തിക്കുന്നത്. കളർകോട്ടുള്ള വാടകക്കെട്ടിടത്തൽ അപര്യാപ്തമായ സൗകര്യത്തിലാണു പ്രവർത്തനം. 20 കിടക്കകളാണ് ഇവിടെയുള്ളത്. രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ആശുപത്രിയുടെ പ്രവർത്തനം. മൂന്നുഡോക്ടർമാർ, ഉൾപ്പെടെ 20 ജീവനക്കാരാണുള്ളത്.

നിലവിൽ മാസം 16,000 രൂപയാണു വാടക. ഇത് 75,000 വർധിപ്പിക്കുന്നതിനായി ഉടമ നീക്കം നടത്തുകയാണ്. വീട് ആശുപത്രിയാക്കിയതിനാൽ ശൗചാലയ പരിമിതികൾ ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.