മാന്നാർ : ഒരുവർഷത്തോളമായി മുടങ്ങിക്കിടന്ന ചെന്നിത്തല വള്ളാംകടവ്- ചില്ലിത്തുരുത്ത് റോഡിന്റെ നിർമാണം ആരംഭിച്ചു. ഫിഷറീസ് വകുപ്പിന്റെ തീരദേശറോഡുകളുടെ വികസനഫണ്ടിൽനിന്ന് 81 ലക്ഷം ചെലവഴിച്ച് പണിയുന്ന റോഡിന്റെ നിർമാണം മുടങ്ങിയിരിക്കുകയായിരുന്നു.

ഇതുമൂലം നാട്ടുകാർ അനുഭവിക്കുന്ന ദുരിതം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ റോഡ്‌പണി വേഗത്തിലാക്കാൻ നിർദേശം നൽകി.

തുറമുഖ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. ഒരുമാസത്തിനുള്ളിൽ ടാറിങ് പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പർകുട്ടനാടൻ കൃഷിഭൂമിയായ ചെന്നിത്തല പുഞ്ചയിലെ 1,300 ഏക്കറോളം വരുന്ന 1,3,4,5 ബ്ലോക്കുകളിലേക്കുള്ള ഏകവഴിയാണിത്.

മോട്ടോർതറമുതൽ നമ്പോണാരിൽ പാലംവരെയുള്ള ഒരുകിലോമീറ്റർ ദൂരമാണ് ഫിഷറീസ് ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്നത്. എന്നാൽ, വള്ളാംകടവുമുതൽ മോട്ടോർതറവരെയും നമ്പോണാരിൽ പാലംമുതൽ സ്വാമിത്തറവരെയുമുള്ള ഭാഗംകൂടി ടാർചെയ്താൽ മാത്രമേ ഈ കാർഷിക മേഖലവഴിയുള്ള സഞ്ചാരം സുഗമമാകൂ.