ആലപ്പുഴ : കോവിഡ് മരണങ്ങളുടെ യഥാർഥകണക്കു പുറത്തുവിടാതെ ആരോഗ്യവകുപ്പ്. ജില്ലയിൽ പുതുതായി കൂട്ടിച്ചേർത്ത 284 മരണങ്ങളാണ് പട്ടികയിലുൾപ്പെടുത്താത്തത്.

വിട്ടുപോയ കോവിഡ് മരണങ്ങൾ ഉൾപ്പെടുത്തി മൂന്നുദിവസത്തിനകം പട്ടിക പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ജൂലായ് നാലിനു പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കു തദ്ദേശസ്ഥാപനങ്ങളിൽനിന്നു ശേഖരിച്ചിരുന്നു. ഇതിനാണ് അംഗീകാരം നൽകി പട്ടികയിലുൾപ്പെടുത്താത്തത്.

ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ജില്ലയിൽ 1,090 പേർ കോവിഡ് ബാധിച്ചുമരിച്ചെന്നാണ് ഇപ്പോഴുമുള്ളത്. കൂട്ടിച്ചേർത്ത 284 മരണങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ മരണസംഖ്യ 1,374 ആയി ഉയരേണ്ടതാണ്. എന്നാൽ, കോവിഡ് മരണങ്ങൾ കൂട്ടിച്ചേർക്കുന്നതിനായുള്ള മാനദണ്ഡ‍ങ്ങൾ വൈകുന്നതാണു കൂട്ടിചേർക്കലിനു തടസ്സമെന്നാണു സൂചന.

കോവിഡ് ബാധിച്ചുമരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണു കോവിഡ് മരണങ്ങളുടെ യാഥാർഥ കണക്കെടുക്കാൻ ആരോഗ്യവകുപ്പു തീരുമാനിച്ചത്. മാരകരോഗം ബാധിച്ചുമരിച്ചവർ, ആത്മഹത്യചെയ്തവർ, വാഹനാപകടത്തിൽ മരിച്ചവർ എന്നിവരുൾപ്പെടെയുള്ളവയാണു കൂട്ടിച്ചേർക്കാനുള്ളത്.