മങ്കൊമ്പ് : എ.സി. റോഡിൽ റോഡുപണിക്ക് കൊണ്ടുവന്ന ക്രെയ്‌നിൽ കാറിടിച്ചു യുവാവു മരിച്ചു. കാർ യാത്രക്കാരായ അഞ്ചുപേർക്കും റോഡ് നിർമാണത്തൊഴിലാളിക്കും സാരമായ പരിക്കുണ്ട്. കിടങ്ങറയ്ക്കുസമീപം ഒന്നാം പാലത്തിനോടു ചേർന്നുനടന്ന അപകടത്തിൽ തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർത്ഥ്, മനു എന്നിവർക്കും റോഡുനിർമാണത്തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണു പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും അപകടനില തരണംചെയ്‌തെന്ന്‌ ഡോക്ടർമാർ പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന്‌ തിരുവല്ലയ്ക്കുപോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചു കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോയലാണ് കാർ ഓടിച്ചിരുന്നത്.

ഈ സമയം ക്രെയിനിനു സമീപത്തു നിൽക്കുകയായിരുന്നു പരിക്കേറ്റ തൊഴിലാളി. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് മേൽനടപടികൾ സ്വീകരിച്ചു. എ.സി റോഡിന്റെ വികസനത്തിനായി ഒന്നാംപാലത്തിനു സമീപം പൈലിങ്‌ ജോലികൾക്കായി എത്തിച്ച ക്രെയിനാണു റോഡരികിൽ നിർത്തിയിട്ടിരുന്നത്.

ഒന്നാംപാലം പൊളിച്ച് പുതിയപാലം പണിക്കാവശ്യമായ സാധനസാമഗ്രികളും റോഡിൽ നിരത്തിയിട്ടുണ്ടായിരുന്നു. സാലി ജോയിയാണ് മരിച്ച ജോയലിന്റെ അമ്മ. സഹോദരി: സിജോൾ ജോയി. ശവസംസ്കാരം പിന്നീട് നെല്ലിമല ബഥേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.