ആലപ്പുഴ : ത്യാഗസ്മരണയിൽ ആഘോഷങ്ങൾ ത്യജിച്ച് ബലിപെരുന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയുള്ള പെരുന്നാൾദിനമായിരുന്നു ബുധനാഴ്ച.

പള്ളികളിൽ കോവിഡ് നിയമങ്ങൾപാലിച്ച് 40 പേർക്കു മാത്രമായിരുന്നു പ്രവേശനം. അതിനാൽ അധികമാളുകളും വീടുകളിൽ ഈദ്നമസ്കാരം നടത്തി. മൂന്നുദിവസത്തെ ഇളവുകളിൽ വ്യാപാരസ്ഥാപനങ്ങളെല്ലാം തുറന്നതിനാൽ വീടുകളിലുള്ള പരിമിതമായ ആഘോഷത്തിന് വിശ്വാസികളും തയ്യാറെടുത്തിരുന്നു.

പള്ളികളിൽ നിയന്ത്രണത്തോടെ അതിരാവിലെമുതൽ നമസ്കാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തി. അകലംപാലിച്ചായിരുന്നു നമസ്കാരം.

ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കാൻ നിർദേശവുമുണ്ടായിരുന്നു. സ്നേഹം പങ്കുവെക്കലും സൗഹൃദംസ്ഥാപിക്കലും അകലംപാലിച്ചു മാത്രമായി. ഭക്ഷണവിതരണം, ഭക്ഷ്യക്കിറ്റു വിതരണം, സാമ്പത്തിക സഹായവിതരണം, ആരോഗ്യപ്രവർത്തകരെ ആദരിക്കൽ, ഈദ്മീറ്റ് തുടങ്ങിവയും പെരുന്നാളിനോടനുബന്ധിച്ചു നടന്നു.