തടഞ്ഞത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ജീവനക്കാരനെ

ഹരിപ്പാട് : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടശേഷം വീട്ടിലേക്കു മടങ്ങിയ റവന്യൂ ജീവനക്കാരനെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായി പരാതി. കാർത്തികപ്പള്ളി താലൂക്ക് ഓഫീസിലെ ഡ്രൈവർ ചേർത്തല സ്വദേശി ടി.എൻ. ബിജുവിനെ മാരാരിക്കുളം സ്റ്റേഷനിലാണ് തടഞ്ഞുവെച്ചത്. നാലുമണിക്കൂറിനുശേഷമാണ് ബിജുവിനെ വിട്ടയച്ചത്. അതും കളക്ടറുടെ ഇടപെടലിനെത്തുടർന്ന്.

പത്തിയൂരിൽ താത്കാലിക കോവിഡ് ചികിത്സാകേന്ദ്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികഴിഞ്ഞ് ഹരിപ്പാട്ടുനിന്ന് രാത്രി എട്ടരയോടെയാണ് ബിജു വീട്ടിലേക്കു പോയത്. ബൈക്കിലായിരുന്നു യാത്ര. രാത്രി ഒൻപതേകാലോടെ ദേശീയപാതയിൽ മാരാരിക്കുളം ഭാഗത്തുവെച്ച് ബിജുവിനെ പോലീസ് സംഘം തടഞ്ഞു. റവന്യൂ ജീവനക്കാരനാണെന്നും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് രാത്രി യാത്രചെയ്യേണ്ടിവന്നതെന്നും പറഞ്ഞിട്ട് പോലീസ് ഉദ്യോഗസ്ഥർ വിട്ടയച്ചില്ലെന്ന് ബിജു പറയുന്നു. മാരാരിക്കുളം സ്റ്റേഷനിലെത്തിച്ച തന്നെ അവിടെ തടഞ്ഞുവെക്കുകയായിരുന്നെന്നും ബിജു പറഞ്ഞു.

സംഭവമറിഞ്ഞ കാർത്തികപ്പള്ളി തഹസിൽദാർ കളക്ടറെ വിവരം ധരിപ്പിച്ചു. തുടർന്ന് കളക്ടർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ് ബിജുവിനെ വിട്ടയച്ചത്. അപ്പോഴേക്കും രാത്രി ഒരുമണി കഴിഞ്ഞിരുന്നു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രാത്രിയിൽ യാത്രചെയ്യാൻ അനുമതിയുണ്ട്. എന്നിട്ടും ജീവനക്കാരനെ അന്യായമായി തടഞ്ഞുവെച്ചതിൽ ഹരിപ്പാട്ടെ റവന്യൂ ജീവനക്കാർ പ്രതിഷേധത്തിലാണ്.