പാതയിലെ വെള്ളക്കെട്ടിനു പരിഹാരം

ഹരിപ്പാട് : റെയിൽവേ അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡുകൾക്ക് സ്റ്റീൽമേൽക്കൂര നിർമിക്കുന്നു. ഹരിപ്പാട്-അമ്പലപ്പുഴ തീരദേശപാതയിലെ എട്ട് അടിപ്പാതകളിലാണ് ഇതു നടപ്പാക്കുന്നത്. കാലവർഷത്തിനു മുൻപ്‌ പണി പൂർത്തിയാകുന്ന വിധമാണ് നടപടി പുരോഗമിക്കുന്നത്.

ഹരിപ്പാട്-അമ്പലപ്പുഴ ഇരട്ടപ്പാതയുടെ പണി ഏറ്റെടുത്ത കരാറുകാർക്കാണ് നിർമാണച്ചുമതല. റെയിൽപ്പാതയ്ക്കടിയിലൂടെ പോകുന്ന റോഡുകൾക്ക് 30-50 മീറ്ററാണു നീളം. ഇത്രയും ഭാഗത്തും റോഡിന്റെ ഇരുവശത്തും ഇരുമ്പുതൂണുകൾ നാട്ടിയാണ് മേൽക്കൂര അലുമിനിയം ഷീറ്റുകൊണ്ട് മേൽക്കൂര പണിയുക.

അടിപ്പാതകളായതുകൊണ്ടുതന്നെ മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിനിൽക്കും. പലയിടങ്ങളിലും ഇതു നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. വെള്ളം റെയിലിനടിഭാഗത്ത് എത്തുന്നതു തടഞ്ഞാൽ പ്രശ്നം പരിഹരിക്കാമെന്നു ബോധ്യമായതിനാലാണ് മേൽക്കൂര പണിയുന്നത്.

ഹരിപ്പാട്-അമ്പലപ്പുഴ പാതയിൽ ഹരിപ്പാട് ആരൂർ, വാത്തുകുളങ്ങര, ആയാപ്പറമ്പ്, ഗണപതിയാക്കുളങ്ങര, വഴിയമ്പലം, കുന്നുമ്മ, അമ്പലപ്പുഴ എന്നിവിടങ്ങളിലായി എട്ട് അടിപ്പാതകളാണുള്ളത്. പ്രധാന റോഡുകളിൽ ഏഴുമീറ്റർ വീതിയിലും 3.75 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. ഗ്രാമീണറോഡുകളിൽ വീതി അഞ്ചുമീറ്ററും ഉയരം 2.75 മീറ്ററുമാണ്.