: അധികാരവർഗത്തിന്റെ ഉരുക്കുകൊണ്ടുതീർത്ത തോക്കുകൾക്കും ബയണറ്റുകൾക്കും നേരെയായിരുന്നു അവർ പടനയിച്ചത്. തോക്കുകളെയും ബയണറ്റുകളെയും ചെറുക്കാൻ തൊഴിലാളികൾ കരുതിവെച്ചത് അടയ്ക്കാമരത്തിൽനിന്ന് ചെത്തിയെടുത്ത് രാകിക്കൂർപ്പിച്ച വാരിക്കുന്തങ്ങൾ മാത്രമായിരുന്നു. നിറയൊഴിക്കുന്ന തോക്കുകളെ വാരിക്കുന്തങ്ങൾകൊണ്ട് എങ്ങനെ നേരിടാൻ കഴിയുമെന്ന ‘നിഷ്‌കളങ്ക’മായ യുക്തി ഉയർത്തുന്നവരുണ്ട്. പക്ഷേ, കരാളതകളുടെ പെരുമഴ പെയ്യിച്ച ദിവാന്റെ പോലീസിനെയും പട്ടാളത്തെയും ഏതുവിധേനയും ചെറുക്കുക എന്നതുമാത്രമായിരുന്നു തൊഴിലാളികളുടെ ചിന്ത. അതിനുമുന്നിൽ ആയുധങ്ങളുടെ മൂർച്ചയെപ്പറ്റിയോ അവയുടെ പ്രഹരശേഷിയെപ്പറ്റിയോ ആലോചിച്ച്‌ സമയംകളയാൻ തൊഴിലാളികൾക്ക് ആവുമായിരുന്നില്ല. അതുകൊണ്ടാണ് സ്വന്തം തൊഴിലും ജീവിതവുമൊക്കെയായി നേർബന്ധമുള്ള ഒരു വസ്തു എന്നനിലയിൽ വാരിക്കുന്തത്തിന്റെ ആയുധസാധ്യത അവർ തിരിച്ചറിഞ്ഞത്. അവിടെ സമരത്തിലെ ജയാപജയങ്ങൾ അവരെ അലട്ടിയിരുന്നില്ല...

(വി.എസ്. എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജനപക്ഷം എന്ന പുസ്തകത്തിൽനിന്ന്)