ചാരുംമൂട് : വെട്ടിക്കോട്ടുചാൽ ടൂറിസം പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയ യു.ഡി.എഫ്. നേതാക്കൾ സമരപ്രഖ്യാപനം നടത്തി. വിജിലൻസിലുൾപ്പെടെ നൽകിയ പരാതികളിൽ അന്വേഷണം ആകുന്നതിനുമുൻപ്‌ കരാറുകാരൻ കൽക്കെട്ട് പൊളിച്ചുപണിയാൻ തുടങ്ങിയതോടെയാണ് നേതാക്കൾ സ്ഥലത്തെത്തിയത്.

പുതിയ നിർമാണത്തിനു ചുനക്കര ഗ്രാമപ്പഞ്ചായത്ത് അടങ്കലിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും സർവകക്ഷി യോഗത്തിനുശേഷമേ പുതിയ നിർമാണം അനുവദിക്കുവെന്നും നേതാക്കൾ വ്യക്തമാക്കി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി കോശി എം. കോശി യോഗം ഉദ്ഘാടനം ചെയ്തു. അനി വർഗീസ് അധ്യക്ഷനായി. കെ.കെ. ഷാജു, കെ. സാദിഖ് അലിഖാൻ, കെ. സണ്ണിക്കുട്ടി, എം.ആർ. രാമചന്ദ്രൻ, ജി. ഹരിപ്രകാശ്, അച്ചൻകുഞ്ഞ്, പി.എം. രവി, മനേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായി പണിത ചാലിന്റെ സംരക്ഷണഭിത്തി നിർമാണത്തിനിടെ ഇടിഞ്ഞുവീണിരുന്നു.

രണ്ടുവർഷം മുൻപാണ് പണി തുടങ്ങിയത്. നിർമാണത്തിലെ അപാകവും അഴിമതിയും ആരോപിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികൾ ചാലിൽ കൊടികുത്തി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് പണി മുടങ്ങിയിരുന്നു.