: മനുഷ്യർക്ക്‌ മാർഗദർശനത്തിനായി അവതീർണമായ ദൈവികഗ്രന്ഥമാണ് ഖുർആൻ. അതിനാൽ ലോകമെങ്ങുമുള്ള മുഴുവൻ മനുഷ്യരെയും അത് ഒരേപോലെയാണ് കാണുന്നത്. ചരിത്രത്തിലുടനീളം മാനവസമൂഹത്തെ നെടുകയും കുറുകെയും കീറിമുറിച്ചതും പിളർത്തിയതും വംശീയതയും വർഗീയതയും ജാതീയതയും ദേശീയതയും വർണവെറിയുമാണ്. പലപ്പോഴും അക്രമങ്ങൾക്കും അനീതികൾക്കും മർദന-പീഡനങ്ങൾക്കും കൊടുംക്രൂരതകൾക്കും കൂട്ടക്കൊലകൾക്കും കാരണമായിത്തീരാറുള്ളതും അവതന്നെ. അസമത്വങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും ഉറവിടവും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ വിശുദ്ധ ഖുർആൻ അത്തരം എല്ലാ വേർതിരിവുകളെയും പൂർണമായും നിരാകരിക്കുന്നു. ദൈവത്തിന്റെ ഏകത്വം വിളംബരംചെയ്ത ഖുർആൻ മാനവരുടെ ഏകതയും പ്രഖ്യാപിക്കുന്നു:

‘‘മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങൾ അന്യോന്യം തിരിച്ചറിയാനാണ്. ദൈവത്തിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മത പുലർത്തുന്നവനാണ്; തീർച്ച.’’

നീതി യഥാവിധി പുലരുമ്പോൾമാത്രമേ മനുഷ്യരുടെ ഏകത യാഥാർഥ്യമാവുകയുള്ളൂ. അതിനാൽ, ഖുർആൻ നീതിക്ക് വൻപ്രാധാന്യം കല്പിക്കുന്നു. പ്രവാചകന്മാരുടെ നിയോഗം നീതി സ്ഥാപിക്കാനാണെന്ന് പ്രഖ്യാപിക്കുന്നു. ജാതി, മതം, വർഗം, വർണം, ദേശം, ഭാഷ, കുടുംബം, ഗോത്രം, ശത്രുത, സൗഹൃദം, സമ്പന്നത, ദാരിദ്ര്യം ഇവയൊന്നും നീതിനടത്തിപ്പിനെ ഒരുനിലയ്ക്കും ബാധിക്കരുതെന്ന് നിഷ്കർഷിക്കുന്നു. അതോടൊപ്പം നീതിനടത്തിപ്പിൽ മതപരമായ വിവേചനം അരുതെന്ന് ഖുർആൻ അനുശാസിക്കുന്നു. ഒരു ജൂതന് നീതി ഉറപ്പുവരുത്താൻ അവതീർണമായ ഒമ്പത് വാക്യങ്ങളുണ്ട് ഖുർആനിൽ.