വള്ളികുന്നം : പോലീസിനെ സ്വാധീനിച്ച് അഭിമന്യു വധക്കേസിലെ യഥാർഥ പ്രതികളായ ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ രക്ഷപ്പെടുത്താൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

മയക്കുമരുന്നു മാഫിയാസംഘങ്ങളുടെ കുടിപ്പകയും സഹോദരൻ അനന്തുവിനോടുള്ള വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ, രാഷ്ട്രീയംകലർത്തി രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് സി.പി.എം. നടത്തുന്നത്.

പ്രതിപ്പട്ടികയിലുള്ള അരുൺകുമാർ ഉൾപ്പെടെയുള്ള ഡി.വൈ.എഫ്.ഐ.പ്രവർത്തകരെ രക്ഷപ്പെടുത്താനാണ് സി.പി.എം.ശ്രമം. ആർ.എസ്.എസ്.പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചവരെ അറസ്റ്റുചെയ്യാത്തത് സി.പി.എം.സമ്മർദം മൂലമാണെന്നും ബി.ജെ.പി. ആരോപിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ്, ഹരീഷ് കാട്ടൂർ, കെ.വി. അരുൺ, അനിൽ വള്ളികുന്നം, ജി. ശ്യാംകൃഷ്ണൻ, എസ്. ഉണ്ണികൃഷ്ണൻ, പീയൂഷ് ചാരുംമൂട്, ബി. അനിൽകുമാർ, കെ.ആർ. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.