ആലപ്പുഴ: വോട്ടുചെയ്യാൻ എല്ലാവരേക്കാളും ആവേശം അവർക്കായിരുന്നു. നടക്കാൻ പോലുമാകാത്തവർ, കിടപ്പുരോഗികൾ... അങ്ങനെ ഒരുപാട് പേർ. അവശതകൾ ഏറെയുണ്ടെങ്കിലും അതെല്ലാം മറന്ന് 3644 ഭിന്നശേഷിക്കാരാണ് വോട്ടുചെയ്യാനായി ജില്ലയിലെ പോളിങ് ബൂത്തുകളിലെത്തിയത്.
സാധാരണ ആളുകളുടെ വോട്ടിങ് ശതമാനത്തേക്കാൾ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഭിന്നശേഷിക്കാരുടേത്. 89 ശതമാനം പേരാണ് ജില്ലയിൽ വോട്ടുചെയ്തത്. കുട്ടനാട്ടിൽ നൂറിൽ നൂറായിരുന്നു അവരുടെ വോട്ടിങ് ശതമാനം. കായലും പാടങ്ങളും താണ്ടിയായിരുന്നു വരവ്.
ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ടുകുത്താൻ എങ്ങനെയും പോളിങ് ബൂത്തിലെത്തണമെന്ന ആഗ്രഹം 4086 ഭിന്നശേഷിക്കാർ പങ്കുവെച്ചിരുന്നു. ജില്ലാഭരണകൂടം, എ.എൻ.എച്ച്.എം. പാലിയേറ്റീവ് കെയർ വിഭാഗം, സാമൂഹിക നീതിവകുപ്പ്, ഐ.സി.ഡി.എസ്. ജീവനക്കാർ എന്നിവർ കൈകോർത്തതോടെ അവരിൽ ഭൂരിഭാഗവും പേരും വോട്ടുചെയ്തു. 442 പേർക്ക് ശാരീരികാസ്വസ്ഥ്യവും മറ്റുമുള്ളതിനാൽ പോളിങ് ബൂത്തിലെത്താനായില്ല. എന്നാലും അടുത്ത തവണ വോട്ടുചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ.
വോട്ടുചെയ്യാൻ സന്നദ്ധത അറിയിച്ച എല്ലാവരുടെയും വീട്ടുമുറ്റത്ത് ജീവനക്കാർ വാഹനവുമായെത്തി. വാഹനം എത്തുന്ന സമയം മുൻകൂട്ടി അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരെയും ഒരുക്കിനിർത്തിയിരുന്നു. വാഹനം എത്താത്ത ഇടങ്ങളിലുള്ളവരെ വീൽചെയറിൽ ഇരുത്തി റോഡരികിൽ എത്തിച്ചാണ് പോളിങ്ബൂത്തിലെത്തിച്ചത്.
350 വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കിയിരുന്നത്. ഭിന്നശേഷിക്കാരായവരെ ബൂത്തിലെത്തിക്കാൻ സഹായിച്ച എല്ലാവരെയും കളക്ടർ എസ്.സുഹാസ് അഭിനന്ദിച്ചു.
bbവോട്ടുചെയ്ത ഭിന്നശേഷിക്കാർ
bbനിയോജക മണ്ഡലം ഭിന്നശേഷിക്കാർ വോട്ടുചെയ്തവർ ശതമാനം
bbഅരൂർ 333 307 92
ചേർത്തല 381 340 89
ആലപ്പുഴ 447 353 79
അമ്പലപ്പുഴ 167 165 99
കുട്ടനാട് 532 532 100
ഹരിപ്പാട് 466 459 98
കായംകുളം 604 494 82
മാവേലിക്കര 884 770 87
ചെങ്ങന്നൂർ 272 224 82
Content Highlights: 2019 Loksabha Elections Alappuzha Polling