പൂച്ചാക്കൽ : വാക്കുതർക്കത്തെ തുടർന്ന് അക്രമിസംഘം അരൂക്കുറ്റി പെട്രോൾ പമ്പിൽ കയറി ജീവനക്കാരെ മർദിച്ചു. പമ്പിന്റെ ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തു. അരൂക്കുറ്റി -അരൂർ പാലത്തിനു സമീപമുള്ള പെട്രോൾ പമ്പിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

അഞ്ചംഗ അക്രമി സംഘം നടത്തിയ ആക്രമണത്തിൽ അസം സ്വദേശികളായ ബാബുൾ ഹുസൈൻ (20) ബിപ്ളൗദാസ് (20) എന്നിവർക്ക് പരിക്കേറ്റു. ഇവരിൽ ബാബുൾ ഹുസൈന് തലക്കടിയേറ്റിട്ടുണ്ട്. ഇവരെ അരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമികൾ പമ്പിൽ വന്ന് ജീവനക്കാരെ മർദിക്കാൻ തുടങ്ങിയപ്പോൾ ജീവനക്കാർ ഓഫീസിനുള്ളിൽ ഓടിക്കയറി. തുടർന്ന് അക്രമികൾ ഓഫീസിലെ ചില്ലുകൾ അടിച്ച് തകർക്കുകയും ഓഫീസിൽ കയറി തുടർന്നും ജീവനക്കാരെ മർദിച്ചു.

ഇവരുടെ കൈയിൽനിന്ന്‌ പണം തട്ടിയെടുത്തതായും പരാതിയുണ്ട്.

അക്രമിസംഘത്തിൽപ്പെട്ട ചിലർ ആദ്യം പെട്രോൾ അടിക്കാൻ വന്നിരുന്നതായും രണ്ടാമതുവന്നാണ് ആക്രമണം നടത്തിയതെന്നും അറിവായിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.അസം സ്വദേശിയായ പെട്രോൾ പമ്പ് ജീവനക്കാരൻ ബാബുൾ ഹുസൈൻ മർദനമേറ്റ് ആശുപത്രിയിൽ