അമ്പലപ്പുഴ : കിഴിവിന്റെ പേരിൽ നെല്ലുസംഭരണം വൈകുമ്പോൾ കർഷകർ മഴപ്പേടിയിൽ. വണ്ടാനം വെട്ടിക്കരി, നാലുപാടം, പൊന്നാകരി പാടശേഖരങ്ങളിലെ നെല്ലാണ് മഴയിൽ നശിക്കുമെന്ന ആശങ്ക ഉയരുന്നത്. അവസരം മുതലെടുത്ത് മില്ലുകാർ ചൂഷണത്തിനൊരുങ്ങുമ്പോൾ അവർക്ക് അനുകൂലമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.

ഒരാഴ്ച മുൻപാണ് പാടശേഖരങ്ങളിലെ കൊയ്ത്തു പൂർത്തിയായത്. ഏക്കറിനു മുപ്പതിനായിരംമുതൽ 35,000 രൂപവരെ ചെലവഴിച്ചാണ് കൃഷി നടത്തിയത്. യന്ത്രം ഉപയോഗിച്ച് നെല്ലു കൊയ്തെടുക്കുന്നതിന് മണിക്കൂറിന് 1,750 രൂപ വാടകയും നൽകി. കഴിഞ്ഞതവണത്തെക്കാൾ മികച്ചവിളവും നെല്ലുമാണ് ഇത്തവണ ലഭിച്ചതെന്ന് കർഷകർ പറയുന്നു.

മില്ലുകളുടെ ഏജന്റുമാർ ക്വിന്റലിന് എട്ടുകിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞതവണ ക്വിന്റലിന് മൂന്നുകിലോ കിഴിവാണ് നൽകിയത്. ഇത്തവണ നെല്ലിന് ഈർപ്പമില്ലെങ്കിലും മൂന്നുകിലോവരെ കിഴിവു നൽകാൻ തയ്യാറാണെന്ന് കർഷകർ പറഞ്ഞിട്ടും സംഭരണം തടസ്സപ്പെട്ടിരിക്കുകയാണ്.

പിന്നിൽ ഒത്തുകളി- എം. ലിജു

നെല്ലുസംഭരണത്തിൽ സപ്ലൈകോയും ഇടനിലക്കാരും ഒത്തുകളി നടത്തുകയാണെന്ന് ഡി.സി.സി.പ്രസിഡന്റ് എം. ലിജു. മികച്ച വിളവുണ്ടായിട്ടും കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നത് കർഷകരോടുള്ള ക്രൂരതയാണ്. സംഭരണം തടസ്സപ്പെട്ടതോടെ പാടശേഖരങ്ങളിലും വരമ്പുകളിലും നെല്ല് കെട്ടിക്കിടക്കുകയാണ്. കർഷകരെ ചൂഷണത്തിൽനിന്നു രക്ഷിക്കാൻ സർക്കാർ തയ്യാറാകണം. കർഷകരുടെ നിസ്സഹായാവസ്ഥ മുതലെടുക്കുന്നത് അവസാനിപ്പിക്കണം.

മില്ലുടമകളുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും യോഗം അടിയന്തരമായി വിളിച്ച് പരിഹാരം കാണണമെന്നും ലിജു ആവശ്യപ്പെട്ടു. നെല്ലുസംഭരണം തടസ്സപ്പെട്ട വണ്ടാനം വെട്ടിക്കരി പാടശേഖരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ഹസൻ എം. പൈങ്ങാമഠം, നിസാർ വെള്ളാപ്പള്ളി, സെമീർ പാലമൂട്, ഉണ്ണികൃഷ്ണൻ, മോഹനൻ, പാടശേഖരസമിതി പ്രസിഡന്റ് രാജൻ മങ്കുഴി, സെക്രട്ടറി അനിയൻ പണിക്കർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

പാടശേഖരങ്ങളിൽ നെല്ലുകെട്ടിക്കിടക്കാൻ കാരണമായ ഉദ്യോഗസ്ഥരുടെയും മില്ലുടമകളുടെയും അവിശുദ്ധ കൂട്ടുകെട്ടു സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.