തകഴി : കരൾരോഗം ബാധിച്ച പി.കെ. മോഹനും വൃക്കകൾ തകരാറിലായ മുഹമ്മദ് ഫൈസലിനും നാടിന്റെ ഹൃദയത്തിൽത്തൊട്ട സഹായം. സഹജീവികൾക്കായി തകഴി ഗ്രാമം കൈകോർത്തപ്പോൾ ആറുമണിക്കൂറിൽ 19 ലക്ഷത്തിലേറെ രൂപയാണു സമാഹരിക്കാനായത്. അടിയന്തരമായി അവയവമാറ്റ ശസ്ത്രക്രിയയ്ക്കു നിർദേശിക്കപ്പെട്ട ഇരുവർക്കുംവേണ്ടി ജീവൻരക്ഷാസമിതികൾ ഞായറാഴ്ച പകൽ ഒൻപതുമുതൽ രണ്ടുവരെയാണു പൊതുധനസമാഹരണം നടത്തിയത്.

തകഴി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിൽ പച്ച ചെക്കിടിക്കാട് പതിനേഴിൽച്ചിറ വീട്ടിൽ പി.കെ. മോഹൻ (55) കരൾരോഗംമൂലം ആരോഗ്യം ക്ഷയിച്ച് അവശതയിലാണ്. തകഴി ഗ്രാമപ്പഞ്ചായത്തിലെ നാലുമുതൽ ഒൻപതുവരെയുള്ള വാർഡുകളിലും എടത്വായിലെ പതിനാലാം വാർഡിലുമായിരുന്നു ഇദ്ദേഹത്തിനുവേണ്ടി ധനസമാഹരണം നടത്തിയത്. 8,49,817 രൂപ സമാഹരിച്ചു.

പതിനൊന്നാം വാർഡിൽ പുത്തൻവീട്ടിൽ മുഹമ്മദ് ഫൈസൽ (38) ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടംബത്തിന്റെ ആശ്രയമാണ്. തകഴി പഞ്ചായത്തിലെ 1, 2, 6, 10, 11, 12, 13, 14 എന്നീ വാർഡുകളിലായിരുന്നു ധനസമാഹരണം. 10,70,896 രൂപയാണ് ഇദ്ദേഹത്തിനായി സമാഹരിച്ചത്. കോവിഡ് വ്യാപനം മൂലം മൂന്നാംവാർഡിലെ ധനസമാഹരണം ബുധനാഴ്ചത്തേക്കുമാറ്റി. ഗ്രാമപ്പഞ്ചായത്തംഗം ജയചന്ദ്രൻ കലാങ്കേരി ചെയർമാനും ജിജി ചുടുകാട്ടിൽ കൺവീനറും റോണി കൊഴുപ്പക്കുളം ഖജാൻജിയുമായ ജീവൻരക്ഷാസമിതിയാണ് മോഹനുവേണ്ടി രംഗത്തിറങ്ങിയത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ ചെയർമാനും മുഹമ്മദ് നൈഫൽ കൺവീനറും, ടി. മുരളീധരൻ ഖജാൻജിയുമായുള്ള സമിതിയാണ് ഫൈസലിനുവേണ്ടി രംഗത്തിറങ്ങിയത്.