ആലപ്പുഴ : ഇ-പോസ് സെർവർ തകരാറും ഒ.ടി.പി. വരാൻ വൈകുന്നതും റേഷൻവിതരണം തടസ്സപ്പെടുത്തുന്നു. കാർഡുടമയുടെ വിരലടയാളം പതിക്കുന്നത് പരാജയപ്പെടുമ്പോൾ ഒ.ടി.പി. ഉപയോഗിച്ച് റേഷൻ നൽകണമെന്നാണു വ്യവസ്ഥ. എന്നാൽ, കാർഡുടമയുടെ ഫോണിലേക്ക് പത്തുമിനിറ്റുമുതൽ അരമണിക്കൂർവരെ കഴിഞ്ഞാണ് ഒ.ടി.പി. പലപ്പോഴും എത്തുന്നത്. ഇതുമൂലം ഒട്ടുമിക്ക കാർഡുടമകളും റേഷൻകിട്ടാതെ മടങ്ങുകയാണ്.

ഒരുമിനിറ്റിനകം ഒ.ടി.പി. ഇ-പോസിൽ നൽകിയാലേ ഇടപാട്‌ നടത്താനാവൂ. കോവിഡ്നിയന്ത്രണങ്ങൾ തുടരുന്ന മേഖലകളിൽ കാർഡുടമകളിൽ പലരും പകരക്കാരെയാണ് റേഷൻ വാങ്ങാൻ നിയോഗിക്കുന്നത്. ഒ.ടി.പി. കിട്ടാത്തതുമൂലം കോവിഡ് വ്യാപനം ഏറിയ മേഖലകളിലുള്ളവരും ദുരിതത്തിലായി.

സെർവർ തകരാർമൂലം വ്യാഴാഴ്ചരാവിലെ രണ്ടുമണിക്കൂർ റേഷൻവിതരണം മുടങ്ങിയിരുന്നു. ഏതാനും മാസങ്ങളായി സെർവർതകരാർ പതിവാണ്. അതിനിതുവരെ പരിഹാരം കാണാൻ പൊതുവിതരണ വകുപ്പിനും കഴിഞ്ഞിട്ടില്ല.

മിക്കദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ രണ്ടുവരെ നെറ്റ്‌വർക്കും കിട്ടാറില്ല. സെർവറിനു ശേഷിയില്ലാത്തതും മഴയും മോശംകാലാവസ്ഥയുമാണ് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

ചിലയിടങ്ങളിൽ വ്യാപാരികൾക്ക് 2-ജി സിം ആണ് നൽകിയിട്ടുള്ളത്. ഇത് 4-ജി ആക്കിനൽകണം. ഒപ്പം, ഒ.ടി.പി. സമയം നാലുമിനിറ്റുവരെ നീട്ടി ഇ-പോസിൽ ക്രമീകരണങ്ങൾ വരുത്തണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ ആവശ്യപ്പെട്ടു.