ആലപ്പുഴ : കോവിഡ് പ്രതിരോധം ശക്തമാക്കാൻ ആലപ്പുഴ നഗരസഭാ സർവകക്ഷിയോഗത്തിൽ തീരുമാനം. ചടങ്ങുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഓഡിറ്റോറിയത്തിന് അകത്തുനടക്കുന്ന ചടങ്ങുകളിൽ 75-പേരും തുറസ്സായ സ്ഥലത്തുനടക്കുന്ന ചടങ്ങുകളിൽ 150-പേരും മാത്രമേ പങ്കെടുക്കാവൂ.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്ക് നഗരസഭയിൽനിന്ന്‌ അനുവാദംവാങ്ങണം. ആശാവർക്കർമാർ വഴി ജാഗ്രതാസമിതിയെ ചടങ്ങുകൾ അറിയിക്കണം. ജാഗ്രതാസമിതികൾ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. നഗരത്തിലെ സൂപ്പർമാർക്കറ്റുകൾ, സിനിമാശാലകൾ, വ്യാപാരിവ്യവസായി സംഘടനകൾ, ആരാധനാലയങ്ങൾ എന്നിവയുടെ പ്രതിനിധികളുടെ യോഗംചേരും. കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ കോവിഡ്ടെസ്റ്റ് നടത്തും.

നഗരസഭയുടെ ആരോഗ്യവിഭാഗം സ്ക്വാഡുകൾ പരിശോധനകൾ കർശനമാക്കും. സ്ഥാപനങ്ങളിൽ രജിസ്റ്ററുകൾ സൂക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ചെയർപേഴ്സൺ സൗമ്യാരാജ്, പി.എസ്.എം. ഹുസൈൻ, എം.ആർ. പ്രേം, എ. ഷാനവാസ്, നസീർ പുന്നക്കൽ, ഹരികൃഷ്ണൻ, സലിം മുല്ലാത്ത് തുടങ്ങിയവർ പങ്കെടുത്തു.