വള്ളികുന്നം : പടയണിവെട്ടത്ത് കൊല്ലപ്പെട്ട എസ്.എഫ്.ഐ.പ്രവർത്തകൻ അഭിമന്യു (15) വിന്റെ വീട്ടിലെത്തി ബാലാവകാശ സംരക്ഷണ കമ്മിഷൻ മൊഴിയെടുത്തു. അഭിമന്യുവിന്റെ അച്ഛൻ അമ്പിളികുമാറിന്റെ മൊഴിയാണ് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, കമ്മിഷൻ അംഗം സി. വിജയകുമാർ എന്നിവർ രേഖപ്പെടുത്തിയത്.

പോലീസിനെതിരേയും മകനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിനെതിരേയും അദ്ദേഹം മൊഴി നൽകി. മകൻ കുത്തേറ്റ് വീണ സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിച്ചു.

വിവരമറിയിച്ച് ഏറെനേരം കഴിഞ്ഞാണ് പോലീസ് സ്ഥലത്ത്‌ എത്തിയതെന്നും അച്ഛൻ മൊഴി നൽകി. പ്രതികളുടെ പേര് സഹിതമുള്ള മൊഴിയാണ് നൽകിയത്. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചതിനെതിരേ പരാതിയും കമ്മിഷനോടു പറഞ്ഞു.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന വള്ളികുന്നം സി.ഐ. ഡി. മിഥുനോടു സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു.

കേസന്വേഷണത്തിന്റെ എല്ലാഘട്ടങ്ങളിലും കമ്മിഷന്റെ മേൽനോട്ടം ഉണ്ടാകുമെന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടക്കുമെന്നും ചെയർമാൻ കെ.വി. മനോജ്കുമാർ അറിയിച്ചു.