ആലപ്പുഴ : പുഞ്ചക്കൃഷി വിതക്കായി ഒരുക്കിയിട്ടിരിക്കുന്ന ദേവസ്വംകരി പാടശേഖരം വെള്ളപ്പൊക്ക ഭീഷണിയിൽ. വെള്ളം വറ്റിച്ച് ഇട്ടിരുന്ന പാടത്തു വെള്ളം കയറിത്തുടങ്ങി.

പാടത്തിനു ബലവത്തായ റിങ് ബണ്ടുകൾ ഇല്ലാത്തതിനാലാണു വെള്ളം കയറുന്നത്. പാടശേഖരത്തിനു ചുറ്റുമായി പാവപ്പെട്ട 50-ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. പാടശേഖരത്തോടു ചേർന്നുള്ള ഡി.ടി.പി.സി. വക കെട്ടിടത്തിന്റെ ബണ്ടുകവിഞ്ഞും അതിനിടയിലൂടെയുമാണു പാടത്തേക്കു വെള്ളം കയറുന്നത്. 110 ഏക്കർ വരുന്ന പാടത്ത് 65 കർഷകരാണു കൃഷിക്കായി ഒരുങ്ങുന്നത്. ഇപ്പോൾ വരമ്പ് മുങ്ങിയ നിലയിലാണു പാടം. വെള്ളം കയറിയതിനെത്തുടർന്നു കഴിഞ്ഞവർഷം രണ്ടാംകൃഷി ഉപേക്ഷിച്ചിരുന്നു. ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നു പാടശേഖര സമിതി സെക്രട്ടറി മോഹൻ ദാസ് മണലയിൽ പറഞ്ഞു.