ചെങ്ങന്നൂർ : തുടരുന്നമഴയിൽ പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പുയർന്നെങ്കിലും ചെങ്ങന്നൂരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു റവന്യൂവകുപ്പ്. പമ്പയാറ്റിൽ ഇറപ്പുഴ കടവിൽ ശനിയാഴ്ച നിലവിലെ ജലനിരപ്പിനേക്കാൾ 1.75 മീറ്റർ വെള്ളം അധികമായി രേഖപ്പെടുത്തി. അച്ചൻകോവിലാറ്റിൽ കൊല്ലകടവിലെ സ്‌കെയിലിൽ 4.11 മീറ്ററുമാണ് ജലനിരപ്പുയർന്നത്.

നിലവിലെ സാഹചര്യത്തേക്കാൾ ഇനിയും ഒന്നരമീറ്റർ കൂടി ജലനിരപ്പുയർന്നാൽ മാത്രമേ വെള്ളപ്പൊക്ക ഭീഷണി പറയാനാകുവെന്നാണു നിഗമനം. താലൂക്കിൽ ചെറിയനാട്, വെണ്മണി, എണ്ണയ്ക്കാട് ഭാഗങ്ങളിലായി ആകെ നാലു ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 16 കുടുംബങ്ങളിൽനിന്നായി 50 പേർ ക്യാമ്പിലുണ്ട്.

മാന്നാറിലും ചെങ്ങന്നൂരിലും ഓരോ ക്യാമ്പുകൾ കൂടി തുറക്കാൻ ആലോചനയുണ്ടെന്നു തഹസിൽദാർ എം. ബിജുകുമാർ പറഞ്ഞു.

മണിമലയാറ്റിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ പമ്പയാറുമായി ചേരുന്ന കീച്ചേരിവാൽ കടവിൽ റവന്യൂസംഘം പരിശോധന നടത്തി. ചെങ്ങന്നൂരിലെ കൺട്രോൾ റൂം നമ്പർ: 0479-2452334.