മാന്നാർ : വെള്ളപ്പൊക്കത്തിൽ പാടത്തിനു നടുവിലെ ഒറ്റപ്പെട്ട തുരുത്തിൽ കുടുങ്ങിയ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെന്നിത്തല 17-ാം വാർഡിൽ തെക്കുംമുറി പുത്തൻ തറയിൽ കുഞ്ഞൂഞ്ഞമ്മയെ (72) ആണ് രക്ഷപ്പെടുത്തിയത്. കരീലത്തറ കോളനിയിൽ മൈതാനം കുന്നിൽ ഭാഗത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് ഒറ്റയ്ക്കു താമസിക്കുന്ന ഇവർ പാടം വെള്ളം നിറഞ്ഞതോടെ പുറത്തിറങ്ങൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് മാവേലിക്കര അഗ്നിരക്ഷാസേനയെ സഹായത്തിനായി വിളിച്ചു. നെല്ലുപുഴുങ്ങുന്ന വലിയ ചെമ്പിലിരുത്തിയാണ് വീട്ടമ്മയെ സേനാംഗങ്ങൾ കരയ്ക്കെത്തിച്ചത്. തുടർന്ന് തൃപ്പെരുന്തുറ ഗവ. യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. വിനു, ദീപു പടകത്തിൽ, പുഷ്പാ ശശികുമാർ, ബിനി സുനിൽ, പ്രസന്നകുമാരി എന്നിവരും സഹായത്തിനെത്തി.