മാന്നാർ : മഴ കനത്തതോടെ മാന്നാർ, ബുധനൂർ, ചെന്നിത്തല പ്രദേശങ്ങളിലായി മുന്നൂറിലേറെ വീടുകൾ വെള്ളത്തിലായി. കൃഷിനിലങ്ങളോടു ചേർന്നതും താഴ്ന്നതുമായ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്.

തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻവെള്ളത്തിന്റെ വരവിലും പമ്പ-അച്ചൻകോവിൽ നദികളിൽ ജലനിരപ്പുയർന്നിട്ടുണ്ട്.

മാന്നാറിൽ പാവുക്കര, മൂർത്തിട്ട മുക്കാത്താരി, വൈദ്യൻ കോളനി, ഇടത്തയിൽ കോളനി, വള്ളക്കാലി, പൊതുവൂർ, തൈച്ചിറ കോളനി, ചെന്നിത്തലയിൽ ഐക്കരമുക്ക്, മുക്കത്ത് കോളനി, വള്ളാംകടവ്, ചില്ലിതുരുത്തിൽ, സ്വാമിത്തറ, തേവർകടവ്, പുത്തനാർ, മഠത്തുംപടി, വാഴക്കൂട്ടം, പാമ്പനംചിറ, പറയങ്കേരി, നാമങ്കേരിൽ, കുരയ്ക്കലാർ, മുണ്ടോലിക്കടവ്, കാരിക്കുഴി, കാങ്കേരി ദീപ്, ഈഴക്കടവ്, ബുധനൂരിൽ എണ്ണയ്ക്കാട് പ്ലാക്കാത്തറ കോളനി, പൊണ്ണത്തറ, കടമ്പൂര്, താഴാന്ത്ര എന്നീ കോളനികളിലെ വീടുകൾ വെള്ളത്തിലായി.

തൃപ്പെരുന്തുറയിൽ രണ്ടു ക്യാമ്പുകൾ തുറന്നു

മാന്നാർ : വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നിത്തല പഞ്ചായത്തിലെ തൃപ്പെരുന്തുറ വില്ലേജിൽ രണ്ട് ക്യാമ്പുകൾ തുറന്നു. തൃപ്പെരുന്തുറ ഗവ. യു.പി. സ്കൂളിലും സെയ്ന്റ് ആന്റണീസ് പള്ളിയുടെ ഓഡിറ്റോറിയത്തിലുമാണ് ക്യാമ്പുകൾ തുറന്നത്. സ്കൂളിൽ, അഞ്ചു കുടുംബങ്ങളിലെ 16 പേരും ഓഡിറ്റോറിയത്തിൽ ഒരുകുടുംബത്തിലെ ഏഴുപേരുമാണുള്ളത്. മാന്നാർ, ബുധനൂർ പഞ്ചായത്തുകളിൽ ഏതുനിമിഷവും ക്യാമ്പ് തുറക്കുന്നതിനുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്‌.