ആലപ്പുഴ : നഗരത്തിലെ മഴക്കെടുതികളെ നേരിട്ട് നഗരസഭയുടെ ദ്രുതകർമസേന.

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും നഗരത്തിൽ വീണ മരങ്ങൾ നീക്കിയും വെള്ളക്കെട്ട് ദൂരീകരിച്ചുമാണ് അഞ്ചു ദ്രുതകർമ സംഘങ്ങൾ വാർഡുകളിൽ പ്രവർത്തിച്ചത്.

പി.കെ കാളൻ പദ്ധതി പ്രകാരം രൂപവത്കരിച്ച ഉള്ളാട ട്രൈബൽ വുഡ് ക്രാഫ്റ്റ് സൊസൈറ്റിയുടെ പരമ്പരാഗത മരംവെട്ട് തൊഴിലാളികളുടെ സേനയെ ഉപയോഗപ്പെടുത്തിയാണ് മരങ്ങൾ മുറിച്ചു നീക്കിയത്. പരമ്പരാഗത തൊഴിലാളികളുടെ രണ്ടുസംഘങ്ങളും ദ്രുതകർമ സേനയുടെ മൂന്ന് സംഘങ്ങളുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

തോടുകളിലെയും ഇടത്തോടുകളിലെയും തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാനും സേന മുന്നിട്ടറങ്ങി.

എൻ.ഡി.ആർ.എഫ്., അഗ്നിരക്ഷാ സേന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയും നഗരത്തിന്റെ വിവിധയിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി.

നഗരസഭ അധ്യക്ഷ സൗമ്യാരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, കെ. ബാബു, ബീനാ രമേശ്, എം.ആർ. പ്രേം, സെക്രട്ടറി നീതുലാൽ, കെ.പി. വർഗീസ് എന്നിവർ നേതൃത്വം നൽകി