ചേർത്തല : കടലേറ്റത്തിനൊപ്പം കനത്തമഴയിൽ ചേർത്തല താലൂക്കിലെ മൂവായിരത്തോളം വീടുകൾ വെള്ളത്തിലായി. കടലോര, കായലോര മേഖലകളിലെല്ലാം വെള്ളംകയറി. ആറു ക്യാമ്പുകളിലായി 45 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്കത്തിനു പരിഹാരംകാണാൻ അന്ധകാരനഴിപ്പൊഴി ഞായറാഴ്ച വൈകീട്ടോടെ മുറിച്ചുതുടങ്ങി. മൂന്നാംദിവസവും മഴയ്ക്കു ശമനമില്ല. കിഴക്കൻവെള്ളമെത്തിയതോടെ കായലും തോടുകളും നിറഞ്ഞുകവിഞ്ഞു.

കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, കുത്തിയതോട്, കോടംതുരുത്ത് എന്നിവിടങ്ങളിലെ ആറു ക്യാമ്പുകളിലായി 100 പേരാണുള്ളത്. അന്ധകാരനഴിപ്പൊഴി മുറിക്കൽ ഫലംകണ്ടാൽ തീരദേശ പഞ്ചായത്തുകളിലെ വെള്ളപ്പൊക്കത്തിനു പരിഹാരമാകും.

മൈനർ ഇറിഗേഷൻവകുപ്പിന്റെ നേതൃത്വത്തിൽ നാലു മണ്ണിമാന്തിയന്ത്രമുപയോഗിച്ചാണ് പൊഴിമുറിക്കുന്നത്. ഞായറാഴ്ച രാത്രിയും ജോലി നടക്കുകയാണ്.

ഒറ്റമശ്ശേരിയിൽ കടലേറ്റത്തിനു ശമനമില്ല

അഞ്ചു വീടുകൾക്കാണ് ഇവിടെ നാശമുണ്ടായിരിക്കുന്നത്. 50 കുടുംബങ്ങളെ മറ്റിടങ്ങളിലേക്കു മാറ്റി. കടൽവെള്ളത്തിനൊപ്പം ശമനമില്ലാത്ത മഴയും ദുരിതമായി. ചേർത്തല തെക്ക് 16-ാം വാർഡിലും മാരാരിക്കുളം വടക്ക് ഒന്നാം വാർഡിലും കടലേറ്റം ശക്തമാണ്. മണൽച്ചാക്കടുക്കി പ്രതിരോധിക്കാൻ ശ്രമംനടക്കുന്നുണ്ട്. ഒറ്റമശ്ശേരിയിൽ താത്കാലിക കടൽഭിത്തിക്കായി രണ്ടുദിവസത്തിനുള്ളിൽ കല്ലടിച്ചുതുടങ്ങുമെന്നാണ് വിവരം. മൈനർ ഇറിഗേഷൻവകുപ്പിനാണ് ചുമതല. നിയുക്ത എം.എൽ.എ. പി. പ്രസാദ് ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു.

വെള്ളക്കെട്ടിൽ അരൂർ മണ്ഡലം

തുറവൂർ :റോഡുകളും ഉയർന്ന പുരയിടങ്ങളുമൊഴിച്ച് അരൂർ മണ്ഡലത്തിലെ എല്ലായിടവും വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഞായറാഴ്ച മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും വേലിയേറ്റത്തിനു കുറവില്ല. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ പഞ്ചായത്തിലും ജനജീവിതം ദുരിതത്തിലാണ്.

വേമ്പനാട്ടു കായൽ കവിഞ്ഞതിനാൽ തീരത്തെ വീടുകളും വെള്ളത്തിലാണ്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും പ്രയാസമാണ്.

പൂച്ചാക്കൽ : ചേർത്തലയുടെ വടക്കൻ മേഖലയിൽ മഴക്കെടുതി തുടരുകയാണ്. പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പെരുമ്പളം, പള്ളിപ്പുറം പഞ്ചായത്തുകളിൽ മഴക്കെടുതി രൂക്ഷമാണ്.

കോവിഡ് വ്യാപനവും വെള്ളക്കെട്ടും ജനങ്ങളെ അലട്ടുകയാണ്. രോഗവ്യാപനം കൂടുമോയെന്ന ആശങ്ക തീരമേഖലയിലുണ്ട്.

വാഴത്തോട്ടം നശിച്ചു

കഞ്ഞിക്കുഴി : കാറ്റിൽ, വിളവെടുപ്പിന് പാകമായ 300 വാഴകൾ നിലംപതിച്ചു‍. കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാർഡിൽ നൂറ്റുപാറവീട്ടിൽ റജിമോനും കളത്തിവെളി ബിജുവും ചേർന്നുനടത്തുന്ന വാഴത്തോട്ടമാണ് നശിച്ചത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിയുക്ത എം.എൽ.എ പി. പ്രസാദ് വാഴത്തോട്ടം സന്ദർശിച്ചു.