കലവൂർ : നിയന്ത്രിതമേഖലയിലെ പണപ്പിരിവിനെതിരേ നടപടിയെടുക്കാതിരുന്ന പോലീസിനെതെിരേ അമർഷം.

ചെറുകിട പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാണ് ഓമനപ്പുഴ ഭാഗത്ത് പിരിവിനെത്തിയത്. പഞ്ചായത്ത് മെമ്പറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി എസ്.ഐ. സ്ഥലത്തെത്തിയെങ്കിലും ജീവനക്കാരെ താക്കീതുനൽകി വിട്ടയക്കുക മാത്രമാണുണ്ടായത്.

നിലവിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് നിയന്ത്രിതമേഖലയിലാണ്. ലോക്ഡൗണായതിനാൽ വീടുകൾ കയറിയുള്ള എല്ലാവിധ പിരിവുകളും കച്ചവടങ്ങളും കളക്ടർ നിരോധിച്ചിട്ടുള്ളതാണ്.

ബുധനാഴ്ച രാവിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ ഓമനപ്പുഴയിലെ വീട്ടിലെത്തി. ജോലിക്കുപോകാൻ സാധിക്കാത്തതിനാൽ ബുദ്ധിമുട്ടിലാണെന്നും പിന്നീട് അടച്ചുകൊള്ളാമെന്നും അറിയിച്ചു. എന്നാൽ, പണവുമായേ പോകുകയുള്ളൂ എന്ന നിലപാട് ജീവനക്കാർ എടുത്തപ്പോഴാണ് വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം പോലീസിനെ വിളിച്ചത്.

തീരദേശമേഖലയിൽ എട്ടു മൈക്രോഫിനാൻസ് ബാങ്കുകൾ പത്തംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് പണം വായ്പയായി നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം കലവൂരിൽ വ്യാപാരി വ്യവസായി സമിതിയുടെ ഭക്ഷ്യക്കിറ്റു വാങ്ങാനെത്തിയ കടയുടമയെ സത്യവാങ്‌മൂലം ഇല്ലാത്തതിന്റെപേരിൽ മണ്ണഞ്ചേരി പോലീസ് പിഴ ചുമത്തിയിരുന്നു.

ഈ സാഹചര്യത്തിൽ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർക്കെതിരേ നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.