കായംകുളം : കൃഷ്ണപുരം സാംസ്കാരികനിലയത്തിൽ അന്തിയുറങ്ങിയിരുന്ന നാടോടിസംഘത്തിലെ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇവരെ അരൂർ സി.എഫ്.എൽ.ടി.സി.യിലേക്കു മാറ്റി. കഴിഞ്ഞദിവസം പനിബാധിച്ച ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. തുടർന്നു നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ലോക്‌ഡൗൺ തുടങ്ങിയപ്പോൾമുതൽ നാടോടിസംഘം കൃഷ്ണപുരം സാംസ്കാരികകേന്ദ്രത്തിലായിരുന്നു. ഇവിടെ 40 പേർ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. കൂട്ടത്തിലുണ്ടായിരുന്ന 21 പേരെ ആന്റിജൻ പരിശോധനയ്ക്കു വിധേയരാക്കി.

തുടർന്ന് ഇവരെ സാംസ്കാരികനിലയത്തിലെ ഹാളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചു. ഇതിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. നിരീക്ഷണത്തിനായി പോലീസിനെയും ജാഗ്രതാസമിതിയെയും നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ ഇവർ സമീപവീടുകളിലും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ അടുത്തും എത്തിയിരുന്നു. ഇവരുടെ കൂട്ടത്തിൽ ഇനിയും ആൾക്കാർ ഉണ്ടായിരുന്നതായ വിവരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.