ചാരുംമൂട്

: മഴപെയ്താൽ താമരക്കുളം ചത്തിയറ നടീൽവയൽ നിവാസികൾ ആശങ്കയിലാണ്.

20-ൽപ്പരം വീട്ടുകാരുടെ ജീവിതമാണ് കനത്ത മഴയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ദുരിതത്തിലാകുന്നത്.

13, 15, 16 വാർഡുകളിലെ താമസക്കാരാണിവർ. വീടുകളിലേക്കു വെള്ളംകയറുന്നതോടൊപ്പം പുറംലോകവുമായുള്ള ബന്ധവും നിലയ്ക്കും.

ചത്തിയറ സ്കൂളിലൊരുക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ആഴ്ചകളോളമാണ് ഇവർക്കു കഴിയേണ്ടിവരുന്നത്.

വർഷം കുറഞ്ഞത് രണ്ടുതവണയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവരുടെ ജീവിതം.

ഭൂരഹിത പദ്ധതിയിൽ സഹായംലഭിച്ചവർ

ഭൂരഹിതർക്ക് ഭൂമിനൽകുന്ന സർക്കാരിന്റെയും പഞ്ചായത്തിന്റെയും പദ്ധതിയിൽ സഹായംലഭിച്ചവരാണ് മൂന്നും അഞ്ചും സെന്റുകളിലായി കൂരവെച്ചു താമസിക്കുന്നത്.

ഇതിൽ 18 വീടുകളും വാസയോഗ്യമല്ല. ഭൂരിഭാഗവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ്. 14 കുടുംബങ്ങളുടെ താമസസ്ഥലത്തേക്കുള്ള അര കിലോമീറ്ററോളം വരുന്ന വഴി തോടിനോടുചേർന്നാണ്.

മഴക്കാലത്ത് തോടുകവിഞ്ഞ് വഴിയിലും വെള്ളംകയറുന്നതോടെ വീടുകളിൽനിന്ന് പുറത്തിറങ്ങാനാകില്ല. മഴ മാറിയാലും ആഴ്ചകളോളം വഴിനിറയെ ചെളിനിറഞ്ഞുകിടക്കും.

തോടിന്റെ ഇരുവശവും ഉയർത്തണം

തോടിന്റെ രണ്ടുവശവും ഉയർത്തുന്നതോടൊപ്പം റോഡും ഉയർത്തി നിർമിക്കണം. വാസയോഗ്യമല്ലാത്ത വീടുള്ളവർക്ക് വീടുവയ്ക്കാനുള്ള സഹായംകൂടി ലഭ്യമാക്കേണ്ടതുണ്ട്. ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങാൻ ലഭിക്കുന്നത് പരിമിതമായ സാമ്പത്തിക സഹായമായതിനാലാണ് വയൽപ്രദേശത്ത് ഭൂമിവാങ്ങി താമസിക്കേണ്ടിവരുന്നത്.  തോടിനോടുചേർന്നുള്ള വഴി ചെളിനിറഞ്ഞുകിടക്കുന്നു