ആലപ്പുഴ : എസ്.ഡി.കോളേജിന്റെ ഒരുവർഷം നീളുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം കോളേജ് പൂർവവിദ്യാർഥിയും ചലച്ചിത്രതാരവുമായ കുഞ്ചാക്കോ ബോബൻ നിർവഹിച്ചു. ഫെയ്‌സ്‌ബുക്ക് ലൈവായാണ് ചടങ്ങു നടത്തിയത്. ആദ്യസിനിമയായ അനിയത്തിപ്രാവിൽ അഭിനയിക്കുമ്പോൾമുതൽ കോളേജിൽനിന്നു കിട്ടിയ പ്രചോദനവും പ്രോത്സാഹനവും വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥിയായ ജിത്തു ശ്രീകുമാർ, ഗവേഷകനായ അനൂപ്‌കുമാർ വി. എന്നിവരാണ് മത്സരത്തിലൂടെ തിരഞ്ഞെടുത്ത ലോഗോ രൂപകല്പനചെയ്തത്.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രതീകാത്മകമായ ഉദ്ഘാടനം ആഘോഷപരിപാടികൾ ഒഴിവാക്കി നിലവിളക്കുതെളിച്ച് നടത്തും.

കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും.