ആലപ്പുഴ : സെലിബ്രിറ്റിയായി മാറിയ കലാകാരന്മാർക്ക് കുറച്ചുനാൾ പരിപാടികളില്ലെങ്കിലും വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ, സെലിബ്രിറ്റിയായെന്നു സമൂഹം കരുതുന്ന ഒരുവിഭാഗമുണ്ട്. ഇഷ്ടംപോലെ പണം ഇവരുടെ കൈയിലുണ്ടെന്നാകും ആളുകൾ കരുതുക. എന്നാൽ, സ്ഥിതി മറിച്ചാണ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ളതിനാൽ കഷ്ടപ്പാടുകൾ ആരോടും പറയാനുമാകില്ല. ഇതിനും താഴെയുള്ളവരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയം. മിമിക്രി, ഗാനമേള തുടങ്ങിയ പ്രോഗ്രാമുകളുമായിമാത്രം ജീവിക്കുന്നവർ.

അരങ്ങിലെ വിനോദപരിപാടികൾ ഇനി കുറയുമെന്നാണ് തിരക്കഥാകൃത്തും അരങ്ങുകലാകാരനുമായ സുനീഷ് വാരനാട് പറയുന്നത്. സുനീഷിന്റെ നേതൃത്വത്തിൽ ചേർത്തലയിലെ 128 കലാകാരന്മാരെ ചേർത്ത് ‘മനസ്സ്’ എന്നൊരു ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഭക്ഷ്യക്കിറ്റ് വിതരണം, സഹായധന വിതരണം എന്നിവയൊക്കെയായി ആളുകളെ ചേർത്തുനിർത്താനാണു ശ്രമമെന്ന് സുനീഷ് പറയുന്നു.

കോമഡി പരിപാടികൾക്കും സ്റ്റേജ് പരിപാടികൾക്കും തിരക്കഥയെഴുതുന്നവരുണ്ട്. ചാനലുകളിലെ സ്ഥിരംപരിപാടിയായതിനാൽ വരുമാനം കൃത്യമായി ലഭിക്കും. ഇതെല്ലാം നിലച്ചു. വീടുപണിയാനും വണ്ടി വാങ്ങാനുമൊക്കെ ഇറങ്ങിയവർ കുടുങ്ങി. വിദേശമലയാളികൾക്കായി ഓൺലൈനായി രണ്ടു ഷോകൾ നടത്തിയതായി സുനീഷ് പറഞ്ഞു. ചെറിയപരിപാടികൾ മാത്രമാണ്‌ ഇങ്ങനെ ചെയ്യാൻകഴിയുക എന്നതാണു പോരായ്മ.

സാമ്പത്തികം മാത്രമല്ല പ്രശ്നം

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം കൂട്ടായ്മകളുടെ സന്തോഷം നഷ്ടപ്പെട്ടതും പ്രശ്നമാണെന്ന് മിമിക്രി കലാകാരനായ മധു പുന്നപ്ര പറഞ്ഞു. പരിപാടിക്ക് ഒത്തുചേരുമ്പോഴുള്ള തമാശകളും കളിചിരികളുമൊക്കെയാണ് പ്രയാസങ്ങളെ അതിജീവിക്കാൻ സഹായിച്ചിരുന്നത്. മധ്യതിരുവിതാംകൂറിലെ മിമിക്രികലാകാരന്മാരുടെ സംഘടനയായ മാക്‌ടയുടെ പ്രസിഡന്റാണ് മധു.

മക്കളുടെ ഫീസടയ്ക്കാനും വൈദ്യുതിബിൽ അടയ്ക്കാനും പണമില്ലാത്തവരുമുണ്ട്. രോഗബാധിതരായവരാണ് ഏറ്റവും ബുദ്ധിമുട്ടിലായത്. ‘വണ്ടി സർവീസിനെടുക്കാൻ പലരും വിളിക്കുന്നുണ്ട്. തിരക്കാണെന്നുപറഞ്ഞ് ഒഴിവാകുകയാണ്. ഈ ലോക്ഡൗൺ കാലത്ത് എന്തുതിരക്ക്. കൊടുക്കാൻ കാശില്ലെന്നു അവരോടു പറയാനാകില്ലല്ലോ'- ഒരു മിമിക്രി കലാകാരൻ പറഞ്ഞു.

ഈണം നിലച്ച പാട്ട്

മാർച്ചിൽ ഈണംനിലച്ചതാണ് ഗാനമേള സംഘങ്ങൾക്ക്. സമിതികൾക്കനുസരിച്ചു മാറ്റം വരാമെങ്കിലും 40,000 രൂപയാണ് ഗാനമേളയുടെ ശരാശരി നിരക്ക്. വർഷം 75 മുതൽ 150 വരെ പരിപാടികളുള്ള സംഘങ്ങളുമുണ്ട്. 1,500-3,500 രൂപയാണ് വേദിയൊന്നിനു ഗായകർക്കുലഭിക്കുക. ശബ്ദസംവിധാനം കൊണ്ടുപോകാൻ ഒരുവണ്ടിയും ഗായകർക്കും പിന്നണിക്കാർക്കുമായി മറ്റൊന്നും വേണം.

ഗായകരും ഉപകരണസംഗീതവിദഗ്ദ്ധരും ഓൺലൈനിൽ ക്ലാസെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ട്. ഇടയ്ക്കു കല്യാണങ്ങൾക്ക് ഇളവുകൊടുത്തപ്പോൾ ചിലർ അവിടെ പാടാൻപോയി. ഇതും നിലച്ചതോടെ എല്ലാവരും ബുദ്ധിമുട്ടിലാണെന്ന് ഗാനമേളരംഗത്തുള്ള ഡി. പ്രകാശൻ പറഞ്ഞു. ഉത്സവങ്ങളും മറ്റും നിലച്ചതോടെ വാദ്യകലാകാരന്മാരും പ്രതിസന്ധിയിലായി.

ക്ഷേമനിധി അംഗത്വംവേണം

ക്ഷേമനിധി അംഗത്വമില്ലാത്തതാണ് ഒട്ടേറെ കലാകാരന്മാർ നേരിടുന്ന പ്രതിസന്ധി. ക്ഷേമനിധി അംഗങ്ങൾക്ക് 4,000 രൂപ പെൻഷനുണ്ട്. ഇതിൽ ചേരാൻ ഒരവസരംകൂടി കൊടുക്കണമെന്നാണ് ആവശ്യം.. മാസം 50 രൂപവീതം അടച്ചാണ് അംഗമാകുന്നത്. അഞ്ചുവർഷത്തെ തുക ഒരുമിച്ചടച്ച് അംഗമാകാനും ആളുകൾ ഒരുക്കമാണ്‌. സാംസ്കാരികമന്ത്രി സജി ചെറിയാന്റെ ഇടപെടലാണ് ഇവർ പ്രതീക്ഷിക്കുന്നത്.

ബ്രോഡ്‌വേ തിയേറ്റർ തുറക്കുന്നു

പ്രൊഫഷണൽ തിയേറ്ററുകളുള്ള ന്യൂയോർക്കിലെ ബ്രോഡ്‌വേ സെപ്റ്റംബറിൽ തുറക്കാനാണു നീക്കം. കലാരംഗത്തിന് ആ രാജ്യംനൽകുന്ന പരിഗണനയാണ് ഇതുകാണിക്കുന്നതെന്ന് മുതിർന്ന കലാപ്രവർത്തകരിൽ ഒരാൾ പറഞ്ഞു.

2019-ൽ 1.46 കോടി ആളുകളാണ് ബ്രോഡ്‌വേ സന്ദർശിച്ചത്. 180 കോടി ഡോളറിന്റെ ടിക്കറ്റുവിറ്റു. 2020 മാർച്ച് 12-ന്‌ ബ്രോഡ്‌വേ അടച്ചു. ഇവിടെയെത്തുന്ന പ്രേക്ഷകരിൽ ഭൂരിഭാഗവും സഞ്ചാരികളായിരിക്കും.

കലാമേഖലയുടെ തിരിച്ചുവരവിന് ജർമനി 300 കോടി ഡോളറാണ്(21,000 കോടിയോളം രൂപ) പ്രഖ്യാപിച്ചിരിക്കുന്നത്. കലയുടെ പ്രധാന്യവും അതിനു സമൂഹത്തിലുള്ള സ്വാധീനവും കണക്കിലെടുത്താണ് ഈ നീക്കം.