ഹരിപ്പാട്: കായാമ്പൂ, അഗസ്തിചീര, നാഗലിംഗ മരം, ഇലഞ്ഞി, സമുദ്രപ്പഴം... തുടങ്ങി നിരവധി അപൂർവ സസ്യങ്ങൾ. മിക്കതും പൂവിട്ടു നിൽക്കുന്നു. തീരപ്രദേശത്തു സാധാരണ പൂക്കാറില്ലാത്ത കായാമ്പു നീല പൂവുമായാണു നിൽപ്പ്. ആറ്റുകടമ്പിൽ അടുത്ത ദിവസം വരെ പൂവുണ്ടായിരുന്നു. ദേശീയപാതയോരത്തെ ഡാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വിജിത്ത്, വീണ ദമ്പതിമാരുടെ തോട്ടത്തിലാണ് ഇവയെല്ലാം പൂവിടുന്നത്. പലവിധത്തിലുള്ള 5000-ൽ അധികം ചെടികളാണ് ഇവിടുള്ളത്. അഗസ്തി ചീരയിലെ ചോരചുവപ്പൻ പൂവുകൾ ആരെയും ആകർഷിക്കുന്നതാണ്. ആറ്റുകടമ്പിന്റെ പൂവുകണ്ടാൽ കൊറോണ വൈറസിന്റെ ത്രിമാന രൂപം ഒരുക്കിയതുപോലെയിരിക്കും.
വാതം കൊല്ലി, ഉങ്ങ്, ദന്തപ്പാല, കരിങ്ങാലി, കരിമരം, കായം, ഉതിർ മുല്ല... അത്ര സാധാരണമല്ലാത്ത ചെടികളുടെ നീണ്ടനിര ഇവിടെയുണ്ട്. ചെടികളെ സ്നേഹിക്കുന്നവർക്കെല്ലാം ഇവരുടെ കൃഷിയിടത്തിലേക്കു കടന്നുവരാം. ജോലിത്തിരക്കിനിടയിലും ഓരോ ചെടികളുടെയും സവിശേഷതകൾ ഇവർ പറഞ്ഞുതരും. ഏഴു കുളങ്ങളും നിരവധി ചെറുകാടുകളുമുള്ള സ്വയംപര്യാപ്തകൃഷിയിടമാണു വിജിത്തും വാണിയും ചേർന്ന് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൃഷ്ണ, കാസർകോട് കുള്ളൻ ഇനങ്ങളിലെ ആറു നാടൻ പശുക്കളും അറുന്നൂറോളം താറാവുകളും ഇവിടെ വളർത്തുന്നുണ്ട്.
മൂന്നു ബയോഗ്യാസ് പ്ലാന്റുകളും. കൃഷിയിടത്തിലേക്ക് ആവശ്യമായ വളമെല്ലാം ഇതിലൂടെ ഉത്പാദിപ്പിക്കും. ചെമ്പല്ലി, കാരി, വരാൽ തുടങ്ങിയ നാടൻ മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തുന്നു. എല്ലാ ഇനത്തിലെയും പച്ചക്കറികളും ഇവരുടെ തോട്ടത്തിൽ വളരുന്നു. പൂർണമായും ജൈവ വളമുപയോഗിച്ചാണു കൃഷി. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മീനുമെല്ലാം വിൽക്കുന്നതിനായി പുരയിടത്തോടു ചേർന്നു ദേശീയപാതയോരത്തു കടയുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് ഇവിടെനിന്ന് പതിവായി സാധനങ്ങൾ വാങ്ങുന്നത്. സമീപ പ്രദേശങ്ങളിലെ 13 ജൈവ കർഷകരുടെ ഉത്പന്നങ്ങളും ഇവിടെ വിൽപ്പനയ്ക്കു വയ്ക്കാറുണ്ട്. എല്ലാം വിറ്റുപോകും.
സംസ്ഥാന സർക്കാരിന്റെ 2019-ലെ മികച്ച യുവകർഷകയ്ക്കുള്ള ഒരുലക്ഷം രൂപയുടെ പുരസ്കാരം വാണിക്കു ലഭിച്ചിരുന്നു. മികച്ച ജൈവകർഷകനുള്ള സർക്കാരിന്റെ അക്ഷയശ്രീ പുരസ്കാര ജേതാവാണ് വിജിത്ത്. ഒരുലക്ഷം രൂപയായിരുന്നു അക്ഷയശ്രീ പുരസ്കാരം. വിജിത്ത് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ബിരുദധാരിയാണ്. വൈദ്യുതി ബോർഡിൽ ജോലി കിട്ടിയതാണെങ്കിലും മണ്ണിനോടുള്ള ഇഷ്ടംകാരണം ഉപേക്ഷിച്ചു. വാണി ബി.എസ്‌സി. അഗ്രിക്കൾച്ചർ കഴിഞ്ഞു. വിവാഹത്തിനുശേഷം ഇരുവരും കൃഷിക്കാരായി മാറുകയായിരുന്നു. ഇപ്പോൾ 12 വർഷം പിന്നിട്ടു.
വിജിത്തിന്റെയും വാണിയുടെയും തോട്ടത്തിലെ അപൂർവസസ്യങ്ങളെ അടുത്തറിയാം അഗസ്തി ചീര പൂത്തപ്പോൾ കായമ്പുവിലെ പൂവ് ആറ്റു കടമ്പിന്റെ പൂവ്