പോലീസുകാർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം
ചേർത്തല : വളവുള്ള റോഡിൽ ഇരുട്ടിൽ നടത്തിയ വാഹന പരിശോധന ചോദ്യം ചെയ്ത പി.എസ്.സി. ഉദ്യോഗസ്ഥനെ പോലീസ് മർദിച്ചെന്ന പരാതിയിൽ പോലീസിനെതിരേ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരേ പോലീസെടുത്ത കേസിൽ പുനരന്വേഷണം നടത്തണമെന്നു കമ്മിഷനംഗം പി. മോഹനദാസ് ഉത്തരവിട്ടു.
കോടതിയനുമതിയോടെ ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ചു റിപ്പോർട്ടു നൽകണം. ആരോപണ വിധേയരായ പോലീസുകാർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരന് 25,000 നഷ്ടപരിഹാരം നൽകണമെന്നും തുക പോലീസുകാരിൽനിന്ന് ഈടാക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
തിരുവനന്തപുരത്ത് പി.എസ്.സി. ആസ്ഥാനത്തെ സെക്‌ഷൻ ഓഫീസറായ ചേർത്തല നഗരസഭ അഞ്ചാം വാർഡ് നിരുപമ നിവാസിൽ രമേശ് എച്ച്. കമ്മത്താണു പരാതിക്കാരൻ. 2019 ഡിസംബർ 14-ന് രാത്രി ചേർത്തല പൂത്തോട്ട വളവിലായിരുന്നു സംഭവം. എറണാകുളത്ത് പി.എസ്.സി. പരീക്ഷാ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴായിരുന്നു പരിശോധനയും തുടർ സംഭവങ്ങളും.
മർദന ആരോപണമുയർന്നെങ്കിലും സ്റ്റേഷനിലെത്തിച്ചു പോലീസിന്റെ ജോലിക്കു തടസ്സം നിന്നെന്ന വകുപ്പിട്ടു കേസെടുത്തെന്നു പരാതിയിലുണ്ട്. ചേർത്തലയിലെ ഗ്രേഡ് എസ്.ഐ. കെ. ബാബു, ഡ്രൈവർ സുധീഷ്, സി.പി.ഒ. തോമസ് എന്നിവർക്കെതിരേയായിരുന്നു പരാതി.