ആലപ്പുഴ : അപകടത്തിൽപ്പെട്ടവരെയോ അത്യാസന്ന നിലയിലായവരെയോ ആശുപത്രിയിലെത്തിച്ചാൽ ആലപ്പുഴ ടൗണിലെ ഓട്ടോറിക്ഷകൾക്ക് പെട്രോൾ ഇനി സൗജന്യമായി ലഭിക്കും. ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബാണ് സൗകര്യമൊരുക്കുന്നത്. ക്ലബ്ബ് നിർദേശിക്കുന്ന പെട്രോൾ പമ്പിൽനിന്ന്‌ അതിനുചെലവായ തുക കൈപ്പറ്റാവുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്.

ലോക പ്രഥമശുശ്രൂഷാദിനാചരണത്തിന്റെ ഭാഗമായാണു പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി ഓട്ടോത്തൊഴിലാളികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചും പ്രഥമശുശ്രൂഷ സംബന്ധിച്ചും ബോധവത്കരണം നടത്തി.

ആലപ്പുഴ എൻഫോഴ്സ്‍മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിസ്‌മോൻ സേവ്യർ പോൾ ക്ലാസ് നയിച്ചു. റോട്ടറി പ്രസിഡൻറ്്‌ അഡ്വ. അനിതാ ഗോപകുമാർ അധ്യക്ഷത വഹിച്ചു.

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ, റോട്ടറി ‌ഭാരവഹികളായ ജി. അനിൽ കുമാർ, ബേബി കുമാരൻ, അജി സരസൻ, ശ്യാം, കെ.ജി. ഗിരീശൻ എന്നിവർ പങ്കെടുത്തു.