ചേർത്തല : വിദ്യാരംഭം ചടങ്ങുകളിലും സമൂഹത്തിനു സൗഹാർദ്ദത്തിന്റെ സന്ദേശം നൽകി കണ്ടമംഗലം രാജരാജേശ്വരീക്ഷേത്രം. അധ്യാപക അവാർഡു ജേതാവായ കോനാട്ടുശ്ശേരി ഗവ. എൽ.പി സ്‌കൂൾ പ്രഥമാധ്യാപിക താഹിറാബീവിയാണു ക്ഷേത്രനടയിലെ സരസ്വതീവിഗ്രഹത്തിനു മുന്നിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിപ്പിച്ചത്. ആർദ്രവ് ബിനുവിനു ആദ്യക്ഷരം കുറിച്ചായിരുന്നു തുടക്കം. 160 കുട്ടികൾ ക്ഷേത്രത്തിൽ അക്ഷരമുറ്റത്തേക്കു ചുവടുവെച്ചു.

ക്ഷേത്രസമിതി നേതൃത്വത്തിൽ താഹിറാബീവിക്കു ആദരവും നൽകി. ബധിരയും മൂകയുമായ ജമീലക്കു വീടുനിർമിച്ചുനൽകിയിട്ടുണ്ട് ക്ഷേത്രം. മേൽശാന്തി പി.കെ. ചന്ദ്രദാസ് ശാന്തി, ക്ഷേത്രയോഗം പ്രസിഡന്റ് പി.ഡി. ഗഗാറിൻ, സെക്രട്ടറി ഇൻ- ചാർജ് നാരായണൻ ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.