ചേർത്തല : ഓടക്കുഴൽ വാദകനാകാനായിരുന്നു പ്രമോദിന്റെ ആഗ്രഹം. പഠിച്ചുതുടങ്ങിയെങ്കിലും എത്തിയത് ഓടക്കുഴൽ നിർമാണത്തിൽ. ഇന്നു സംസ്ഥാനത്തു ഓടക്കുഴൽ വാദകർക്കു പ്രധാനമായും പ്രൊഫഷണൽ ഓടക്കുഴൽ ഒരുക്കുന്നതു പ്രമോദ്ചന്ദ്രമോഹനാണ്.

മുളന്തണ്ട് സ്വരങ്ങളുണരുന്ന ഓടക്കുഴലാകുന്നതിന്റെ കരവിരുത് വയലാർ പുതുമനക്കരി പ്രമോദ് സ്വയം പഠിച്ചതാണ്. മൂന്നുപതിറ്റാണ്ട് മുൻപാണ് ഓടക്കുഴൽ കലാകാരൻ വാരനാട് സുഭാഷിന്റെ കീഴിലായിരുന്നു വായന പഠിച്ചുതുടങ്ങിയത്. പത്തുവർഷം മുൻപു ഗുരുവിനുമുന്നിൽ ഒരു ഓടക്കുഴൽ ഒരുക്കി നൽകി. അദ്ദേഹം കരവിരുതിനെ അംഗീകരിച്ചതോടെയാണു വഴിമാറി സഞ്ചരിച്ചത്.

എറണാകുളത്ത് സ്വകാര്യഏജൻസിയുടെ കീഴിൽ ജോലിചെയ്തു വരുന്നതിനിടെയായിരുന്നു നിർമാണത്തിനു തുടക്കം. ഒരുക്കിയ ഓടക്കുഴലുകൾക്കു കലാകാരന്മാർ ആവശ്യക്കാരായെത്തിയതോടെ ജോലി ഉപേക്ഷിച്ചു പൂർണമായും ഇതിലേക്കുതിരിഞ്ഞു. വായനയിലൂടെ ഓടക്കുഴലിനെ അറിഞ്ഞതും ഇന്റർനെറ്റിൽനിന്നുമുള്ള വിവരങ്ങളും കൈമുതലാക്കിയായിരുന്നു നിർമാണം. കർണാടിക് -ഹിന്ദുസ്ഥാനി സംഗീതത്തിനനുസരിച്ചാണ് ഓടക്കുഴലുകൾ ഒരുക്കുന്നത്. സ്വരശുദ്ധി വരുത്തി പൂർണത ഉറപ്പാക്കും. ആദ്യം നാട്ടിലെ ഈറ്റയിൽനിന്നായിരുന്നെങ്കിൽ ഇപ്പോൾ ഉത്തരാഖണ്ഡിൽനിന്നാണ് ഈറ്റയെത്തിക്കുന്നത്. രണ്ടുദിവസം കൊണ്ടാണ് ഓരോ ഓടക്കുഴലും തയ്യാറാക്കുന്നത്.

പുറത്തുകടകളിൽ 3500-ഓളം രൂപാവരെ വരും ഓരോ ഓടക്കുഴലിനും. ഇതിലും വളരെക്കുറച്ചാണു പ്രമോദ് വിൽക്കുക. പ്രശസ്ത ഓടക്കുഴൽ കലാകാരൻമാരായ രാജേഷ് ചേർത്തല, ഗോപി ഗുരുവായൂർ, വാരനാട് സുഭാഷ് തുടങ്ങിയവർ ഉപയോഗിക്കുന്നതു പ്രമോദൊരുക്കിയ ഓടക്കുഴലുകളാണ്. പഠിക്കുന്നകുട്ടികൾക്കും വാദ്യോപകരണ വിൽപ്പനശാലകൾക്കും പ്രമോദ് ഓടക്കുഴലുകൾ നൽകുന്നുണ്ട്. തൃപ്പൂണിത്തുറ പോലീസ് വനിതാ സെല്ലിലെ ഉദ്യോഗസ്ഥ രജിതയാണു ഭാര്യ. ഭാവ്‌നി ശങ്കർ, അവ്‌നി ശങ്കർ എന്നിവർ മക്കളും.