കുട്ടനാട് : പൊങ്ങപ്പാലം 20-ന് ഗതാഗതത്തിനു തുറന്നുനൽകണമെന്നാണ് മന്ത്രിയും കളക്ടറുമൊക്കെ ആവശ്യപ്പെട്ടത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡുനവീകരണം ഏറ്റെടുത്തിരിക്കുന്ന കമ്പനി അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, പറഞ്ഞതിന് ഒരാഴ്ച മുൻപ് പാലം തുറന്നുനൽകി. പൊളിച്ച് 70 ദിവസംകൊണ്ട് പണിപൂർത്തിയാക്കി തുറന്നുനൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, 48 ദിവസംകൊണ്ട് പണിപൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുനൽകി.

ഓഗസ്റ്റ് 27-നാണ് പാലം പൊളിച്ചത്. നിശ്ചയിച്ചതിലും 22 ദിവസം മുൻപാണ് പാലത്തിലൂടെ വാഹനങ്ങൾ ഓടാൻതുടങ്ങിയത്. പാലം തുറന്നതോടെ കിഴക്കേക്കരയിലെ സർവീസ് റോഡ്‌ നിർമാണം ആരംഭിച്ചു. ആദ്യം പൊളിച്ച കൈതവന പക്കിപ്പാലത്തിന്റെ നിർമാണം ഏതാണ്ടു പൂർത്തിയായി. 30-നുമുൻപ് തുറന്നുകൊടുക്കത്തക്കരീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.