ചെങ്ങന്നൂർ : വായ്പയായി ബാങ്കുകൾനൽകുന്ന തുക തിരിച്ചടയ്ക്കുന്നതിൽ സപ്ലൈക്കോയ്ക്കു വീഴ്ച. വിഹിതമടയ്ക്കാതായതോടെ നെല്ലുവിലകിട്ടിയ കർഷകരുടെ വീടുകളിലേക്കു ബാങ്കിൽനിന്നുള്ള നോട്ടീസെത്തിത്തുടങ്ങി. ബാങ്ക് വായ്പ അടയ്ക്കാത്തവരുടെ പട്ടികയിലേക്കു കർഷകരുടെ പേരുമെത്തി.

സംസ്ഥാനത്ത് സപ്ലൈകോവഴി നെല്ലുകൊടുക്കുന്ന കർഷകനു പിന്നീട് ബാങ്ക് അക്കൗണ്ടുവഴിയാണു വിലകിട്ടുക. നെല്ലുവിലയെന്നതു കർഷകനു ബാങ്കുവഴിനൽകുന്ന ഡിമാൻഡ്‌വായ്പയാണ്. പലിശയ്ക്കു സംസ്ഥാന സർക്കാരാണു ജാമ്യം. വിലയും പലിശയും പിന്നീട് സപ്ലൈകോയാണു തിരിച്ചടയ്ക്കേണ്ടത്. ആറുമാസത്തിനകം തുക ബാങ്കിൽ അടയ്ക്കണം. അല്ലാത്തപക്ഷം കർഷകൻ കരിമ്പട്ടികയിലാകും.

നിലവിൽ 2020 ഏപ്രിലിൽ നെല്ലുകൊടുത്തു, വിലകിട്ടിയ കർഷകരുടെ വായ്പപോലും ബാങ്കിലേക്ക് തിരിച്ചടച്ചിട്ടില്ല. ഇതോടെ കർഷകന്റെ സിബിൽസൂചിക(വായ്പയനുവദിക്കാനുള്ള ഗ്രേഡിങ്) കുറയും. സിബിലിലാകുന്നതോടെ കർഷകന് അടുത്ത കൃഷിചെയ്യാനോ, മറ്റൊരു വായ്പയെടുക്കാനോ കഴിയില്ല. നിലവിൽ നോട്ടീസ് കിട്ടിയ പലകർഷകരും ബാങ്കിലെത്തുമ്പോൾ നടപടികളുടെ ഭാഗമായാണു നോട്ടീസയച്ചതെന്നും മറ്റു പ്രശ്നങ്ങളില്ലെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകുന്നത്.

പലരും വിദ്യാഭ്യാസ, വാഹനവായ്പകൾക്കായി ബാങ്കുകളെ വീണ്ടും സമീപിക്കുമ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്. സിബിലിൽപ്പെടുന്നതോടെ കാർഷികവായ്പയ്ക്കായി വച്ച സ്വർണംപോലുമെടുക്കാൻ കഴിയില്ല. ഒക്ടോബർ ആദ്യമാണ് അപ്പർകുട്ടനാട് മേഖലയിലെ കർഷകർക്കു നോട്ടീസ് ലഭിച്ചുതുടങ്ങിയത്. ഇവരിൽ പലരും നിലിവിൽ സിബിലിലായിക്കഴിഞ്ഞു.

സർക്കാർ നടപടിയെടുക്കണം

യഥാസമയം സർക്കാർ ബാങ്കിന് പൈസ നൽകാത്തതുകാരണം കർഷകൻ ബാങ്കിന്റെ സിബിൽസ്കോറിലാകുന്നു. ഇതുകാരണം ഏതു ബാങ്കുമായുള്ള ഇടപാടുകളിലും ഈ വ്യക്തി സാമ്പത്തിക ഇടപാടിൽ ക്ലിയറല്ലാത്തയാളായിത്തീരുന്നു. സിബിൽസ്കോറിൽ പെടാതിരിക്കാൻ വേണ്ടനടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം

കെ. സുനിൽകുമാർ, കർഷകൻ, വെണ്മണി

പണം ഉടൻ അടയ്ക്കും

പ്രശ്നം പരിഹരിക്കും. ഫണ്ടനുവദിച്ചു കിട്ടിയിട്ടുണ്ട്. പണം ഉടനടയ്ക്കും

സുനിൽകുമാർ

മാനേജർ-ഇൻ-ചാർജ് , സപ്ലൈകോ(നെല്ലുസംഭരണം)