പുലിയൂർ : നൂറ്റവൻപാറ നിവാസികളുടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാൻ പുലിയൂർ പഞ്ചായത്ത് നടപടിയാരംഭിച്ചു. നൂറ്റവൻപാറയുടെ രൂക്ഷമായ കുടിവെള്ളപ്രശ്‌നത്തെപ്പറ്റി മാതൃഭൂമി ജൂലായ് 22 മുതൽ തുടർന്നുള്ള ദിവസങ്ങളിൽ വാർത്തകൾ നൽകിയിരുന്നു. പമ്പ്സെറ്റുകളുടെ തകരാർ മൂലമായിരുന്നു കുടിവെള്ളപദ്ധതിയുടെ വിതരണം മിക്കപ്പോഴും തടസ്സപ്പെട്ടിരുന്നത്. ആഴ്ചകളോളം പ്രദേശവാസികൾ 500 രൂപ വരെ മുടക്കി വെള്ളം വിലയ്ക്കുവാങ്ങേണ്ട സ്ഥിതിയായിരുന്നു. പാറകൾനിറഞ്ഞപ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വണ്ടികളിൽ വെള്ളമെത്തിച്ചാണു പലപ്പോഴും പ്രശ്‌നം ഒരുപരിധിവരെ പരിഹരിച്ചിരുന്നത്.

പുലിയൂർ ഗ്രാമപ്പഞ്ചായത്തും കേരള വാട്ടർ അതോറിറ്റിയും ചേർന്നു എട്ടുലക്ഷം രൂപയുടെ നവീകരണപദ്ധതിയാണു നടപ്പിലാക്കുന്നത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം പുതിയമോട്ടോർ സ്ഥാപിച്ചു. പമ്പിങ് സുഗമമായി നടപ്പിലാക്കാൻ മൂന്നു സബ്‌മെർസിബിൾ പമ്പ്സെറ്റുകൾ നിലവിൽ പ്രവർത്തന സജ്ജമാണ്. പമ്പിങ് ലൈനിലെ ചോർച്ച ഒഴിവാക്കാൻ പൈപ്പുലൈൻ പൂർണമായി മാറ്റുവാനുള്ള നടപടിയാരംഭിച്ചു. ഒപ്പം വാട്ടർടാങ്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടനാരംഭിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ പറഞ്ഞു.