അമ്പലപ്പുഴ : തകഴിയിൽ ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിച്ചു. ഇവിടെ ഒന്നരമീറ്റർ ഭാഗത്തെ പൈപ്പുമാറ്റിയിട്ട് വെള്ളിയാഴ്ച രാത്രി വൈകിയാണ് പമ്പിങ് പുനരാരംഭിച്ചത്. ശനിയാഴ്ച ഉച്ചയോടെ കുടിവെള്ളവിതരണം സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടപ്രയിൽനിന്ന്‌ കരുമാടിയിലെ ജലശുദ്ധീകരണശാലയിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പിൽ തകഴി കെ.എസ്.ഇ.ബി. ഓഫീസിനു സമീപമാണു ചോർച്ചയുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംസ്ഥാനപാത പൊളിച്ച് അറ്റകുറ്റപ്പണി തുടങ്ങിയത്. തകരാറിലായ ഭാഗത്ത് ഒന്നരമീറ്റർ പൈപ്പ് വെള്ളിയാഴ്ച മുറിച്ചുനീക്കി. പകരം പൈപ്പുപിടിപ്പിക്കാനൊരുങ്ങുമ്പോൾ നിലവിലുള്ള പൈപ്പിനുള്ളിൽ ചെറിയ വിള്ളൽ കണ്ടതോടെ ജോലികൾ വൈകി. ഈ തകരാർ പരിഹരിച്ചശേഷമാണ് പുതിയ പൈപ്പ് പിടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പമ്പിങ് പുനരാരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

അറ്റകുറ്റപ്പണിക്കായി പമ്പിങ് നിർത്തിയതിനാൽ പൂജാവധിദിവസങ്ങളിൽ അമ്പലപ്പുഴ താലൂക്കിൽ കുടിവെള്ളവിതരണം തടസ്സപ്പെട്ടത് ജനങ്ങളെ വലച്ചു. ഇപ്പോൾ ചോർച്ചയുണ്ടായതിന്റെ സമീപസ്ഥലങ്ങളിൽ മുൻപു പലതവണ പൈപ്പുപൊട്ടിയിട്ടുള്ളതാണ്.