കായംകുളം : ചെങ്കൊടിയേന്തി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചുനീങ്ങുന്ന തന്റെ കാരിക്കേച്ചർ മുന്നിൽ കണ്ടപ്പോൾ മുൻമന്ത്രി ജി. സുധാകരനു രസിച്ചു. തന്റെ പല്ല് ‌ദ്രംഷ്ട്രം പോലെയല്ലെന്നു ചിരിച്ചുകൊണ്ടുപറഞ്ഞു. പല്ലുകൾക്കിടയിൽ വിടവുണ്ടെന്നു ചിത്രകാരൻ പറഞ്ഞപ്പോൾ സമ്മതിച്ചു.

കായംകുളം ശങ്കർസ്മാരക മ്യൂസിയത്തിൽ സുനിൽ പങ്കജിന്റെ കാരിക്കേച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജി. സുധാകരൻ. രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും ഉമ്മൻ ചാണ്ടിയും പി.സി. ജോർജുമെല്ലാം കാരിക്കേച്ചറുകളായി പ്രദർശനത്തിലുണ്ട്. രാഷ്ട്രീയക്കാർ മാത്രമല്ല, കൈതപ്രം, ബെന്യാമിൻ, സാറാ ജോസഫ്, സുഭാഷ് ചന്ദ്രൻ തുടങ്ങി 32 മുഖങ്ങൾ കാരിക്കേച്ചറുകളായി പ്രദർശനത്തിലുണ്ട്. ‘കാർട്ടൂണിസ്റ്റുകൾ മുഖസ്തുതിക്കു പോകാറില്ല. വിമർശിക്കും. തെറ്റുകളുടെ കൂമ്പാരമാകുന്നു സമൂഹം. അതിനെ വിമർശിക്കണം, തെറ്റുതിരുത്തണം. ആ ശുദ്ധീകരണ പ്രക്രിയയാണ് കാർട്ടൂണിസ്റ്റുകൾ ചെയ്യുന്നതെന്നു’ ജി. സുധാകരൻ പറഞ്ഞു.

കേരള ലളിതകലാ അക്കാദമിയാണു പ്രദർശനം സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷ പി. ശശികല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ, നരേന്ദ്രപ്രസാദ് നാടക പഠനകേന്ദ്രം സെക്രട്ടറി റൂബി രാജ്, ഷാജഹാൻ, പി. അരവിന്ദാക്ഷൻ, ബിനു അശോകൻ, അനൂപ് രാധാകൃഷ്ണൻ, സുനിൽ പങ്കജ് എന്നിവർ പ്രസംഗിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണു പ്രദർശനം. പ്രദർശനം 22-ന് സമാപിക്കും.