മാവേലിക്കര : വിജയദശമിനാളിൽ നൂറുകണക്കിനു കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. മാവേലിക്കര തട്ടാരമ്പലം സരസ്വതീക്ഷേത്രത്തിൽ രാവിലെ 7.10 മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രംതന്ത്രി കല്ലമ്പള്ളി ഇല്ലം വാമനൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

മേൽശാന്തി എൻ. ശ്രീകുമാർ നമ്പൂതിരി, ഡോ.ഏ.വി. ആനന്ദരാജ്, കെ.ആർ. മുരളീധരൻ, വിനു ധർമരാജ്, ഡോ.സതീഷ്, എസ്. ലേഖ എന്നിവരും കുട്ടികളെ എഴുത്തിനിരുത്തി. തട്ടാരമ്പലം സരസ്വതിക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുവാനെത്തിയ കുട്ടികൾക്ക് ആഴ്ചമരം പരിസ്ഥികൂട്ടായ്മയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി താന്നിപ്പള്ളിമന ടി.എസ്. വിഷ്ണുനമ്പൂതിരി, ദേശീയ അധ്യാപക അവാർഡ് ജേതാവ് സി. ചന്ദ്രശേഖരൻപിള്ള എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.

മാവേലിക്കര പള്ളിയറക്കാവ് സരസ്വതീക്ഷേത്രം, മാവേലിക്കര ബ്രാഹ്മണ സമൂഹമഠം, തഴക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പുന്നമൂട് സെയ്ന്റ് മേരീസ് കത്തീഡ്രൽ, പുളിമൂട് സെയ്ന്റ് പോൾസ് മിഷൻ സെന്റർ, എന്നിവിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു.

വള്ളികുന്നം : വള്ളികുന്നം, ഭരണിക്കാവ്‌ മേഖലകളിലെ ക്ഷേത്രങ്ങളിൽ നൂറുകണക്കിനു കുരുന്നുകൾ വിജയദശമിദിനത്തിൽ ആദ്യക്ഷരമെഴുതി. പടയണിവെട്ടം ദേവീക്ഷേത്രത്തിൽ മേൽശാന്തി പെരിയമന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഒട്ടേറെ കുട്ടികളെ ആദ്യക്ഷരം എഴുതിപ്പിച്ചു.

വട്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ മേൽശാന്തി പ്രദീപ് നമ്പൂതിരി കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചു. മഹാലക്ഷ്മിപൂജ, സരസ്വതീപൂജ എന്നിവയും നടന്നു. വള്ളികുന്നം കടുവിനാൽ പരിയാരത്തുകുളങ്ങര ദേവീക്ഷേത്രത്തിൽ മേൽശാന്തി ശ്രീജിത്ത് നമ്പൂതിരി, ദൈവപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ മൃത്യുഞ്ജയൻ നമ്പൂതിരി എന്നിവർ കുരുന്നുകളെ ആദ്യക്ഷരം കുറുപ്പിച്ചു.

കാർത്ത്യായനിപുരം ദേവീക്ഷേത്രം, ചേന്ദങ്കര മഹാദേവക്ഷേത്രം, ഇലിപ്പക്കുളം ഇടയശ്ശേരിൽ ദേവീക്ഷേത്രം, മണയ്ക്കാട് ദേവീക്ഷേത്രം, കന്നിമേൽ ആയിക്കോമത്ത് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു.

കറ്റാനം : കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിൽ മേൽശാന്തി അന്നമനട തുറനെല്ലൂർ മനയ്ക്കൽ അജയകുമാർ നമ്പൂതിരി കുട്ടികളെ ആദ്യക്ഷരം എഴുതിപ്പിച്ചു.

ഭരണിക്കാവ് ദേവീക്ഷേത്രം, കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണുക്ഷേത്രം, കറ്റാനം മണ്ണടിക്കുറ്റി ഭദ്രകാളീ- മഹാദേവക്ഷേത്രം, തെക്കേമങ്കുഴി കരിമുട്ടത്ത് ദേവീക്ഷേത്രം, കറ്റാനം ഊരുക്കുഴി ശക്തീശക്ഷേത്രം എന്നിവിടങ്ങളിലും പൂജവെപ്പ്‌, പൂജയെടുപ്പ്, വിദ്യാരംഭം ചടങ്ങുകൾ നടന്നു.

കട്ടച്ചിറ ആഗോളമരിയൻ തീർഥാടനകേന്ദ്രത്തിലും വിദ്യാരംഭച്ചടങ്ങു നടന്നു.

രാവിലത്തെ കുർബാനയ്ക്കുശേഷം കൊല്ലം ഭദ്രാസനസെക്രട്ടറി ഫാ.ജോർജീ ജോൺ കുരുന്നുകളെ ആദ്യക്ഷരം എഴുതിപ്പിച്ചു.

വള്ളികുന്നം സെയ്‌ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലും വിദ്യാരംഭച്ചടങ്ങുകൾ അരങ്ങേറി. ഇടവകവികാരി ഫാ.കോശി മാത്യു കുട്ടികളെ ആദ്യക്ഷരം എഴുതിപ്പിച്ചു.