ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ പാറ്റൂരിനെയും ചെറുമുഖയെയും ബന്ധിപ്പിക്കുന്ന മുക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുഭാഗം കനത്തമഴയിൽ തകർന്നുവീണു. പാലത്തോടുചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞുവീണിട്ടുള്ളത്. ആർ. രാജേഷ് എം.എൽ.എ.യുടെ നിയോജകമണ്ഡലം ആസ്തിവികസനപദ്ധതിയിൽനിന്ന്‌ ഒരു കോടിയോളം രൂപ മുടക്കിയാണ് പാലം പണിതത്. പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. 2021 ഫെബ്രുവരി 17-ന് എം.എൽ.എ. തന്നെയാണ് പാലം ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥലം സന്ദർശിച്ചു.

അന്വേഷണം വേണം

മുക്കാട് പാലത്തിന്റെ അശാസ്ത്രീയ നിർമാണത്തെപ്പറ്റി വിജിലൻസ് അന്വേഷിക്കണമെന്ന് നൂറനാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ആർ. രൂപേഷ്, യൂത്ത് കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രോഹിത് പാറ്റൂർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ദീപേഷ് ഇടപ്പോൺ എന്നിവർ ആവശ്യപ്പെട്ടു.

മുക്കാട് പാലം നിർമാണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബി.ജെ.പി. മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. അനൂപും നൂറനാട് പഞ്ചായത്തംഗം മഞ്ചു സന്തോഷും ആവശ്യപ്പെട്ടു.