അമ്പലപ്പുഴ : മൂന്നാംദിവസവും അതിരൂക്ഷമായി തുടരുന്ന കടലേറ്റത്തിൽനടുങ്ങി തീരദേശം. കാർഷിക, കായലോരമേഖലകളിൽ വെള്ളപ്പൊക്കംമൂലം ഒറ്റപ്പെട്ട്‌ ജനങ്ങൾ. അമ്പലപ്പുഴയുടെ കടലോര, കാർഷികമേഖലകളിലെല്ലാം ജീവിതം വഴിമുട്ടുകയാണ്. തോട്ടപ്പള്ളിമുതൽ ആലപ്പുഴ ഇ.എസ്.ഐ. വരെ നീളുന്ന തീരദേശത്ത് ശനിയാഴ്ച കടലേറ്റം കഴിഞ്ഞദിവസത്തെക്കാൾ ശക്തമായിരുന്നു. കാർഷികമേഖലയിൽ വെള്ളംകയറ്റിയിട്ട പാടശേഖരങ്ങൾ കരകവിഞ്ഞതോടെ പരിസരത്തെ വീടുകളെല്ലാം വെള്ളത്തിലായി. കാറ്റിൽ മരങ്ങൾവീണ് മുടങ്ങിയ വൈദ്യുതി ശനിയാഴ്ച വൈകീയും പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല.

പുന്നപ്ര ഫിഷ്‌ലാൻഡിങ് സെന്റർ ഭീഷണിയിൽ

രണ്ടുഘട്ടങ്ങളിലായി മൂന്നുകോടിയോളം രൂപ ചെലവഴിച്ചുനിർമിച്ച പുന്നപ്ര ഫിഷ്‌ലാൻഡിങ്‌ സെന്റർ തകർച്ചാഭീഷണിയിൽ. ലേലഹാളിന്റെ തൊട്ടടുത്തുവരെ കടലെത്തി. വർഷത്തിൽ ഭൂരിഭാഗം ദിനങ്ങളിലും പ്രവർത്തിച്ചിരുന്ന ജില്ലയിലെ പ്രധാന മീൻപിടിത്തകേന്ദ്രമായിരുന്നു ഇത്. സെന്റർ സംരക്ഷിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നു ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ ആവശ്യപ്പെട്ടു.

നടുക്കേ മേലത്തുംകരി പാടം കരകവിഞ്ഞു

കനത്തമഴയെത്തുടർന്ന് കരുമാടി നടുക്കേമേലത്തുംകരി പാടശേഖരം കരകവിഞ്ഞ് നൂറിലധികംവീടുകൾ വെള്ളത്തിലായി. എഴുപതേക്കർ പാടശേഖരത്തിൽ അൻപതുകർഷകരാണുള്ളത്. വെള്ളക്കെട്ടിലായ വീടുകൾ നിയുക്ത എം.എൽ.എ. എച്ച്. സലാം സന്ദർശിച്ചു. വൈദ്യുതികണക്ഷൻ ലഭിച്ചാലുടൻ വെള്ളം വറ്റിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു പാടശേഖരസമിതി സെക്രട്ടറി എം.എം. ഷറഫുദ്ദീൻ പറഞ്ഞു.

കിടപ്പാടമില്ലാതെ അശോകനും കുടുംബവും

കനത്തകാറ്റിലും മഴയിലും മരംവീണ് വീടു തകർന്നതോടെ തലചായ്ക്കാനിടമില്ലാതെ കാക്കാഴം കമ്പിവളപ്പിൽ അശോകനും കുടുംബവും. വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലാണ് പുരയിടത്തിൽനിന്ന മരം വീടിനുമുകളിൽ പതിച്ചത്. ഷീറ്റുകൊണ്ടുനിർമിച്ച മേൽക്കൂര പൂർണമായി തകർന്നു. അമ്മ രാധാമണി, ഭാര്യ അഖില, മകൾ അഹല്യാദേവ് എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കിടപ്പുരോഗിയും മാതാപിതാക്കളും കഴിയുന്ന വീടുതകർന്നു

കിടപ്പുരോഗിയായ മകനും വയോജനങ്ങളായ മാതാപിതാക്കളും കഴിയുന്ന വീട് മരംവീണുതകർന്നു. പുന്നപ്ര കപ്പക്കട തറയിൽ ജോസഫ് (82), ഭാര്യ റോസ് ദലീമ (70), മകൻ ബിജു ജോസഫ് (48) എന്നിവർ കഴിയുന്ന വീടാണ് വെള്ളിയാഴ്ച വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ തകർന്നത്. ‘96 ലുണ്ടായ അപകടത്തിൽ ബിജുവിന്റെ കഴുത്തിനുതാഴെ തളർന്നതിനെത്തുടർന്ന് അന്നുമുതൽ കിടക്കയിലാണ്. മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നു.

ഭിത്തിക്കും വിള്ളലുണ്ടായി. റവന്യൂ അധികൃതരെത്തി നാശനഷ്ടം വിലയിരുത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാനം 112-ാം നമ്പർ അങ്കണവാടി കെട്ടിടത്തിനുമുകളിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഷീറ്റുകൾ കാറ്റിൽ പറന്നുവീണുതകർന്നു.