മാവേലിക്കര : ശക്തമായമഴയിലും കാറ്റിലും മാവേലിക്കര താലൂക്കിൽ ശനിയാഴ്ച 21 വീടുകൾ ഭാഗികമായി തകർന്നു. വള്ളികുന്നം വില്ലേജിൽ ഒൻപത്, പാലമേലിൽ ആറ്്‌, ചെന്നിത്തലയിൽ മൂന്ന്, മാവേലിക്കരയിൽ രണ്ട്, തൃപ്പെരുന്തുറയിൽ ഒരു വീടുമാണു തകർന്നത്. മാവേലിക്കര എ.ആർ. രാജരാജവർമ സ്മാരക ഗവ. ഗേൾസ് എച്ച്.എസ്.എസിൽ ശനിയാഴ്ച ദുരിതാശ്വാസക്യാമ്പ് തുറന്നു. ഇവിടെ ഒരുകുടുംബം താമസിക്കുന്നുണ്ട്.

കണ്ടിയൂർ മഹേഷ് ഭവനം രവിയുടെ വീടിനു മുകളിലേക്ക് മരംവീണു. അച്ചൻകോവിലാറിന്റെ തീരത്തുള്ള മാവേലിക്കര പ്രായിക്കര അമ്പാടിയിൽ കെ.ജെ. മോഹനൻപിള്ളയുടെ വീടിന്റെ മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. ആറിന്റെ തീരസംരക്ഷണഭിത്തി തകർന്നതോടെയാണു തീരം ഇടിയാൻ തുടങ്ങിയതെന്നു നാട്ടുകാർ പറയുന്നു. മാവേലിക്കര നടയ്ക്കാവ് തോണ്ടലിൽ പടീറ്റതിൽ അച്ചാമ്മയുടെ വീട്ടിലെ കിണറിന്റെ ഒരുഭാഗം ഇടിഞ്ഞുതാണു. ചെട്ടികുളങ്ങര പേള ളാഹത്തറയിൽ എസ്. ഉണ്ണിക്കൃഷ്ണപിള്ളയുടെ 40 സെന്റ് സ്ഥലത്തെ കരക്കൃഷി നശിച്ചു. മത്സ്യക്കൃഷിക്കും നാശംനേരിട്ടു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പച്ചക്കറി പൂർണമായി നശിക്കുന്ന സ്ഥിതിയാണ്.

ഏക്കറിലെ നെൽക്കൃഷി നശിച്ചു

മാവേലിക്കര മണക്കാട് പുഞ്ചയിൽ 25 ഏക്കറിലെ കൊയ്യാറായ നെല്ല് വെള്ളംകയറി നശിച്ചു.

അച്ചൻകോവിലാർ കരകവിഞ്ഞാണ് പുഞ്ചക്കൃഷി മുങ്ങിയത്. 25 വർഷത്തിലധികമായി തരിശുകിടന്ന ഭൂമിയിൽ ഇത്തവണ ഒരുസംഘം കർഷകരാണു കൃഷിയിറക്കിയത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകരിലൊരാളായ എസ്.ആർ. ശ്രീജിത്ത്‌ പറഞ്ഞു.

വെട്ടിയാർ മേഖലയിലും ലക്ഷക്കണക്കിനുരൂപയുടെ പച്ചക്കറികളാണു നശിച്ചത്. അച്ചൻ കോവിലാറ്റിൽനിന്ന്‌ വെള്ളംകയറിയും കൃഷിനാശമുണ്ടായി.

വെട്ടിയാർ ചെമ്പരത്തി പടിഞ്ഞാറേതിൽ രാജേന്ദ്രക്കുറുപ്പിന്റെ മൂന്നരയേക്കർ വരുന്ന പാട്ടപ്പുരയിടത്തിലെ പച്ചക്കറികളും മരച്ചീനിയും മുന്നൂറ്‌്‌ ഏത്തവാഴകളും അച്ചൻ കോവിലാറ്റിൽനിന്ന്‌ വെള്ളംകയറി നശിച്ചു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി രാജേന്ദ്രക്കുറുപ്പ് പറഞ്ഞു.

വെട്ടിയാർ തറാൽ പടീറ്റതിൽ മനോഹരൻ, കണിയാന്റെ തെക്കതിൽ മോഹനൻ നായർ എന്നിവരുടെയടക്കം എട്ടുകർഷകരുടെ മൂന്നേക്കറോളം പയറും പച്ചക്കറികളും മരച്ചീനിയും നശിച്ചു.

നാലുലക്ഷത്തോളംരൂപയുടെ നഷ്ടമുണ്ടായതായി മനോഹരൻ പറഞ്ഞു. കുഴിവിളയിൽ ശങ്കരക്കുറുപ്പിന്റെ ഒന്നരയേക്കർ കപ്പക്കൃഷിയും വെള്ളംകയറി നശിച്ചു. കൃഷിനാശത്തിന്റെ കണക്ക് തയ്യാറാക്കുകയാണെന്നു മാവേലിക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.ആർ. രശ്മി പറഞ്ഞു.