മുതുകുളം : ഉണ്ടായിരുന്ന ചെറിയവീട് കാറ്റിലും മഴയിലും നശിച്ചതോടെ കയറിക്കിടക്കാൻ ഇടമില്ലാതെ പഞ്ചായത്തംഗവും സഹോദരനും. കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കൂട്ടുംവാതുക്കൽ വടക്കതിൽ സി. സുജിയും സഹോദരൻ സുനിലുമാണ് ദുരിതത്തിലായത്.

ചൊവ്വാഴ്ച പുലർച്ചേ നാലരയോടെയാണു രണ്ടുമുറിയും അടുക്കളയുമുള്ള വീടിന്റെ മേൽക്കൂര നിലംപൊത്തിയത്. മറുഭാഗത്തായതുകൊണ്ടാണു വീടിനകത്തുണ്ടായിരുന്ന ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

85 വർഷം മുൻപ് കുമ്മായവും വെട്ടുകല്ലും കൊണ്ടു നിർമിച്ച വീട്ടിലാണ് അവിവാഹിതരായ ഇവർ കഴിഞ്ഞുവന്നിരുന്നത്. സുനിൽ ഹൃദ്രോഗിയുമാണ്. കാലപ്പഴക്കം കാരണം വീട് അതീവ ജീർണാവസ്ഥയിലായിരുന്നു. പഴകി ദ്രവിച്ചതിനാൽ മേൽക്കൂര പ്ലാസ്റ്റിക്കുകൊണ്ട് മൂടിയ നിലയിലുമായിരുന്നു. സർക്കാരിന്റെ ഭവനപദ്ധതികളിൽ വീടിനായി സുജി മുൻപ് അപേക്ഷിച്ചിരുന്നതാണ്. എന്നാൽ, ലഭിച്ചിരുന്നില്ല. പഞ്ചായത്തംഗം ആയതിനാൽ ഇത്തവണ അപേക്ഷിക്കേണ്ടായെന്ന് കരുതിയിരിക്കെയാണു വീടിനു നാശമുണ്ടാകുന്നത്.

വിവരമറിഞ്ഞു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരിയും കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. താമസിക്കാനായി മറ്റൊരു ചെറിയ വീട് തത്കാലത്തേക്ക് ഇവർ ഏർപ്പാടാക്കി നൽകി.

20 വർഷത്തോളമായി സുജി സാക്ഷരതാ പ്രേരക് ആയി പ്രവർത്തിച്ചുവരികയായിരുന്നു. ഇത്തവണ ആദ്യമായാണു തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.