മാവേലിക്കര : പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മൈത്രി നഗർ കരുണയിൽ പ്രഭാത് (29) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതി പ്രകാരം കുറത്തികാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ശൂരനാട് പതാരം സ്വദേശികളായ ജിതിൻ, അഖിൽ, വിഷ്ണു എന്നിവരും പ്രതികളാണ്. രണ്ടാം പ്രതി ജിതിൻ രണ്ടു ദിവസം മുമ്പ് ആത്മഹത്യ ചെയ്തതായും മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

2020 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഒന്നാം പ്രതി പ്രഭാത് പെൺകുട്ടിയെ സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം നൽകിയിരുന്നു. മൂന്നാം പ്രതി അഖിൽ മാർച്ച് ഒന്നിന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി പ്രഭാതിന്റെ കരുനാഗപ്പളളിയിലെ വീട്ടിലെത്തിച്ചു. പിറ്റേന്ന് രാവിലെ രണ്ടാം പ്രതി ജിതിൻ പെൺകുട്ടിയെ പീഡിപ്പിച്ചു.

സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയും വീഡിയോ കോളുകൾ ചെയ്തത് റെക്കോർഡ് ചെയ്തത് കാട്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. മേയ് മാസത്തിലെ ഒരു ദിവസം പുലർച്ചെ ഒന്നിന് പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പ്രഭാതും ജിതിനും ബലാത്സംഗം ചെയ്തു. പ്രഭാതിനും ജിതിനും ഒത്താശചെയ്തു കൊടുത്തതിനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനുമാണ് വിഷ്ണുവിനെ പ്രതി ചേർത്തത്.