ഹരിപ്പാട് : നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് നിയന്ത്രണങ്ങൾപ്രകാരം പ്രവർത്തിക്കാൻവേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മഴയും കാറ്റും രൂക്ഷമാകുന്ന സാഹചര്യത്തിൽ മുൻകരുതലുകൾക്കായി ചേർന്ന ജനപ്രതിനിധികൾ, തഹസിൽദാർ, വില്ലേജ് ഓഫീസർമാർ എന്നിവരുടെ ഓൺലൈൻ യോഗത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.

വെള്ളക്കെട്ടുഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം ഒഴുകിമാറാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം തഹസിൽദാരുടെ മേൽനോട്ടത്തിൽ നടത്താനും തീരുമാനമായി. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാഹചര്യമുണ്ടായാൽ കോവിഡ് മാനദണ്ഡമനുസരിച്ച് ജനങ്ങളെ താമസിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങൾ മുൻകൂട്ടി ഒരുക്കണം. അഗ്നിരക്ഷാസേന, ആംബുലൻസ്‌ എന്നിവ തയ്യാറാക്കിനിർത്താനും തീരുമാനിച്ചു.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തുകളിൽ കടലേറ്റം രൂക്ഷമാണ്. ഇക്കാര്യത്തിൽ ജാഗ്രതവേണമെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിനും ചെറുതന പെരുമാങ്കര പാലത്തിൽ അടിഞ്ഞിട്ടുള്ള മാലിന്യങ്ങൾ നീക്കാനും നടപടി വേണമെന്നും രമേശ് ചെന്നിത്തല യോഗത്തിൽ ആവശ്യപ്പെട്ടു.

കായംകുളം നിയോജകമണ്ഡലത്തിലെ മലയൻകനാലിന്റെ തീരത്ത് താമസിക്കുന്നവരും മുട്ടേൽ സമീപമുള്ളവരും കണ്ടല്ലൂർ, ദേവികുളങ്ങര പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളപ്പൊക്കക്കെടുതികൾ അനുഭവിക്കുകയാണെന്ന് അഡ്വ. യു. പ്രതിഭ യോഗത്തിൽ അറിയിച്ചു. മലയൻകനാലിലെ നീരൊഴുക്ക് സുഗമമാക്കി വെള്ളം കനാലിലേക്ക് ഒഴുക്കിവിടാൻ നടപടിവേണമെന്ന് എം.എൽ.എ. ഇറിഗേഷൻവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.