കരുവാറ്റ : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടിയാട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ചൊവ്വാഴ്ചയാണു കാവടിയാട്ടം. തൈപ്പൂയ നാളായതോടെ ഹരിപ്പാട്ടും സമീപപ്രദേശങ്ങളും കാവടിസ്വാമിമാരുടെ ഹരഹരോ മന്ത്രങ്ങളാൽ നിറയുകയാണ്.

കാവിയണിഞ്ഞ്‌ പിടിപ്പീലിയുമേന്തി ഹരഹരോവിളിച്ച് ആയിരക്കണക്കിനു സ്വാമിമാരാണ് ദിവസവും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. കാവടിയെടുക്കുന്ന സ്വാമിമാർ, രാവിലെ ക്ഷേത്രത്തിൽനിന്നുള്ള പഞ്ചഗവ്യം സേവിച്ചിട്ടേ ജലപാനംപോലും പാടുള്ളൂ എന്നാണു വിശ്വാസം.

തൈപ്പൂയത്തിന് 12 ദിവസം മുൻപുമുതൽ പഞ്ചഗവ്യം വിതരണം ചെയ്യും. ഞായറാഴ്ചയോടെ കാവടിയെടുക്കുന്ന സ്വാമിമാർക്കുള്ള പഞ്ചഗവ്യവിതരണം പൂർത്തിയാകും. തൈപ്പൂയനാളായ ചൊവ്വാഴ്ച പുലർച്ചേ നാലുമണിയോടെ എണ്ണക്കാവടി അഭിഷേകത്തോടെയാണ് ചടങ്ങുകൾക്കു തുടക്കമാകുന്നത്.

മേൽശാന്തി മഠത്തിൽനിന്നുള്ള കാവടിസംഘമാണ് ആദ്യമെത്തുക. പിന്നാലെ വിവിധക്ഷേത്രങ്ങളിൽനിന്നുള്ള കാവടികളുമെത്തും. ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലും സ്വാമിമാർ കാവടിയൊരുക്കുന്ന തിരക്കിലാണ്.

ആറുമുഖത്തോടുകൂടിയ കാവടികൾ, ജീവതക്കാവടി, നെറ്റിപ്പട്ടം, കെട്ടുകാഴ്ചക്കാവടി തുടങ്ങി പലരൂപത്തിലുള്ള കാവടികളാണ് തയ്യാറാക്കുന്നത്.

പ്ലാവിൻതടിയിലെ ചട്ടത്തിൽ മയിൽപ്പീലികെട്ടി അലങ്കരിച്ചാണു കാവടിയൊരുക്കുക. എല്ലാ കാവടികളിലും അഭിഷേകം ചെയ്യാനുള്ള ദ്രവ്യമടങ്ങിയ പാത്രവുമുണ്ടാകും. കാവടിയുമായി ക്ഷേത്രത്തിലെത്തിയശേഷം ദ്രവ്യാഭിഷേകം നടത്തുന്നതോടെയാണ് കാവടിവഴിപാട് പൂർണമാകുന്നത്.