ചാരുംമൂട് : താമരക്കുളം വില്ലേജ് ഓഫീസിനു പരാധീനതകൾ മാത്രം. സമീപപ്രദേശങ്ങളിലെ വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കാൻ തീരുമാനിച്ചെങ്കിലും താമരക്കുളത്തെ അധികൃതർ തഴഞ്ഞു. ഭിന്നശേഷിക്കാർക്ക് ഓഫീസിനുള്ളിൽ കയറാനുള്ള സംവിധാനമില്ല. വീൽച്ചെയറിൽ എത്തുന്നവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പുറത്ത് റോഡിൽത്തന്നെ നിൽക്കേണ്ടിവരുന്നു.

ഭിന്നശേഷിക്കാർക്ക് ഓഫീസിലേക്കു കയറുന്നതിനുള്ള റാംപും കൈവരികളും നിർമിക്കുന്ന ജോലി ഇടയ്ക്കുവെച്ചു മുടങ്ങി. ഒരുവർഷം കഴിഞ്ഞിട്ടും പണി പുനരാരംഭിച്ചിട്ടില്ല. വില്ലേജ് ഓഫീസിനു മുന്നിൽക്കൂടിയാണ് കൊല്ലം-തേനി ദേശീയപാത കടന്നുപോകുന്നത്. ദേശീയപാത നവീകരിച്ചതോടെ റോഡുയർന്നും വില്ലേജ് ഓഫീസിനു മുൻവശം താഴ്ന്നതുമായി. തട്ടുതട്ടായി മുറ്റം കിടക്കുന്നതുകാരണം വില്ലേജ് ഓഫീസിലേക്കു കയറുമ്പോൾ ആളുകൾ വീഴുന്നതു പതിവാണ്. ഇരുചക്രവാഹനങ്ങളടക്കം ഓഫീസിലേക്കു പ്രവേശിപ്പിക്കാൻ കഴിയുന്നില്ല.

താമരക്കുളം പഞ്ചായത്തിലെ 17 വാർഡുകളിലുള്ള 30,000-ൽപ്പരം ആളുകളാണ് വില്ലേജ് ഓഫീസിന്റെ പരിധിയിൽ വരുന്നത്.

1986-ൽ അന്നത്തെ റവന്യൂ മന്ത്രി പി.ജെ. ജോസഫാണ് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്തത്. നാലു മുറികളുള്ള കെട്ടിടത്തിൽ കൂടുതൽ ആളുകൾ എത്തിയാൽ നിന്നുതിരിയാൻ ഇടമില്ല. ഓഫീസിനു വെളിയിൽ ആളുകൾക്ക് ഇരിക്കുന്നതിനുള്ള സൗകര്യങ്ങളും കുറവാണ്. വില്ലേജ് ഓഫീസറടക്കം അഞ്ചു ജീവനക്കാരാണുള്ളത്. ഇടപാടുകാരുടെ എണ്ണം കൂടിയതനുസരിച്ച് ജീവനക്കാരുടെയും കംപ്യൂട്ടറുകളുടെയും എണ്ണം വർധിപ്പിച്ചിട്ടില്ല. ഇന്റർനെറ്റ് കണക്‌ഷന്റെ വേഗംകൂട്ടണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഇന്റർനെറ്റ് കണക്‌ഷൻ ഇടയ്ക്കിടെ പണിമുടക്കുന്നതും വേഗം കുറയുന്നതും ഇടപാടുകാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഓഫീസിലെ പ്രിന്റർ കേടായിട്ട് ഒരു വർഷത്തിലേറെയായി. മാവേലിക്കര തഹസിൽദാർ ഓഫീസിലടക്കം നിരവധിതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ല. ഓഫീസുമായി ബന്ധപ്പെട്ട പല രേഖകളും രസീതുകളും പുറത്തുള്ള ഇന്റർനെറ്റ് കഫേകളിലേക്ക് ഇ-മെയിൽചെയ്ത് പ്രിന്റെടുക്കേണ്ട സ്ഥിതിയാണ്. സൗകര്യങ്ങൾ വർധിപ്പിക്കണം

താമരക്കുളം വില്ലേജ് ഓഫീസിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണം. കൂടുതൽ ജീവനക്കാരെ നിയമിക്കണം. കൂടുതൽ കംപ്യൂട്ടറുകൾ അനുവദിക്കണം. സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കു നിവേദനം നൽകും.

ജി. വേണു, പ്രസിഡന്റ്

താമരക്കുളം ഗ്രാമപ്പഞ്ചായത്ത്

റാംപും കൈവരികളും പണിയണം

ഭിന്നശേഷിക്കാർക്കടക്കം വില്ലേജ് ഓഫീസിലേക്കു സുഗമമായി കയറുന്നതിനുള്ള വഴിയുണ്ടാക്കണം. ഇതിനായി റാംപും കൈവരികളും പണിയണം. ഓഫീസിലെത്തുന്നവർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കണം

എസ്. സുനിൽകുമാർ

നാട്ടുകാരൻ