കായംകുളം : ദേശീയപാതാ വികസനത്തിനു സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാതെ കടകളൊഴിയില്ലെന്നു വ്യാപാരിവ്യവസായി ഏകോപനസമിതി കായംകുളം യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. ദേശീയപാത വികസിപ്പിക്കുമ്പോൾ കായംകുളത്ത് ഉയരപ്പാതകളോ അടിപ്പാതകളോ ഉണ്ടോയെന്നു വ്യക്തമാക്കാൻ സ്ഥലം എം.പി. തയ്യാറാകണമെന്ന്‌ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കളക്ടറുമായി നടന്ന ചർച്ചയിൽ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുലഭിച്ചതാണെന്നും ഇതുസംബന്ധിച്ച അപേക്ഷ സ്പെഷ്യൽ എൻ.എച്ച്. ഓഫീസിൽ നൽകി രസീതു കൈപ്പറ്റിയതാണെന്നും വ്യാപാരികൾ പറയുന്നു. വസ്തു ഉടമകൾക്കു പണം ലഭിച്ചിട്ടും വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കായംകുളം നഗരസഭാ പരിധിയിൽ കൊറ്റുകുളങ്ങര മുതൽ മുക്കടവരെ ഇരുന്നൂറോളം വ്യാപാരസ്ഥാപനങ്ങൾ ഒഴിയേണ്ടിവരും. ആയിരത്തോളം തൊഴിലാളികളെ ഇതുബാധിക്കും.

ഹോട്ടലുകളെയും വാഹനങ്ങളുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവരെയുമാണ് കൂടുതൽ ബാധിക്കുക. വലിയ തുകനൽകി പുതിയ കെട്ടിടങ്ങളെടുത്ത് കച്ചവടംനടത്താനുള്ള അവസ്ഥയിലല്ല ഭൂരിഭാഗം വ്യാപാരികളും. ലോണുകൾ എഴുതിത്തള്ളണമെന്ന അപേക്ഷയും ഇതുവരെ പരിഗണിച്ചിട്ടില്ല.

നിർദിഷ്ട തച്ചടിപ്രഭാകരൻ സ്മാരക ഷോപ്പിങ് കോംപ്ലക്സിന്റെ പണി ഉടൻ തുടങ്ങണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. പി. സോമരാജൻ, എം. ജോസഫ്, എ.എം. ഷരീഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, വിഠളദാസ്, ഇ.എസ്.കെ. പൂക്കുഞ്ഞ്, സലിം അപ്‌സര തുടങ്ങിയവർ പ്രസംഗിച്ചു.