ഹരിപ്പാട് : മഹാകവി കുമാരനാശാന്റെ 99-ാം ചരമവാർഷികാചരണം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പല്ലന കുമാരകോടിയിൽ നടക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് കുമാരനാശാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് ‘ദുരവസ്ഥയുടെ നൂറു വർഷങ്ങൾ’ എന്ന വിഷയത്തിലെ ശതാബ്ദിപ്രഭാഷണ പരമ്പര കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യും. കുമാരനാശാൻ സ്മാരകസമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു അധ്യക്ഷനാകും. ഡോ. പി. സോമൻ വിഷയം അവതരിപ്പിക്കും.

വൈകീട്ട് നാലിനു തുടങ്ങുന്ന പൊതുസമ്മേളനം മുൻമന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ മുഖ്യാതിഥിയാകും. സ്മാരകസമിതി ചെയർമാൻ രാജീവ് ആലുങ്കൽ അധ്യക്ഷനാകും. 6.30-ന്‌ ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം.

ചൊവ്വാഴ്ച രാവിലെ 10-നു കവിസംഗമം കവിയും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. ഇളനെല്ലൂർ തങ്കച്ചൻ അധ്യക്ഷനാകും. വൈകീട്ട് 4.30-ന് ആശാൻ അനുസ്മരണ സമ്മേളനം സാംസ്കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ മുഖ്യാതിഥിയാകും. സംസ്കൃത സർവകലാശാലാ പ്രൊഫസർ ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

സ്മാരകസമിതി സെക്രട്ടറി പ്രൊഫ. കെ. ഖാൻ മുഖ്യാതിഥികളെ ആദരിക്കും. രാത്രി ഏഴിനു നാടകം- സ്വർണമുഖി. പല്ലന കുമാരകോടി മഹാകവി കുമാരനാശാൻ സ്മാരക സമിതിയാണ് സംഘാടകർ.